രാജകുമാരി: ലോക് ഡൗണിൽ ബിവറേജുകൾ അടച്ചതോടെ മദ്യം കിട്ടാതെ പ്രതിസന്ധിയിലായതിനെതുടർന്ന് ജില്ലയിൽ ഒരു സ്ത്രീ അടക്കം 12 പേർ വിവിധ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സയ്ക്കെത്തി. ഇതിൽ സ്ത്രീക്ക് മരുന്ന് കൊടുത്ത് വീട്ടിൽ വിട്ടു. ബാക്കിയുള്ളവരിൽ 10 പേർ ഇപ്പോഴും ചികിത്സയിലാണ്. ഒരാൾ ഡിസ്ചാർജായി.
ജില്ലയിലെ ആറ് ആശുപത്രികളിലായി 40 ഡി അഡിക്ഷൻ ബെഡുകളാണുള്ളത്. ജില്ലാ ആശുപത്രിയിൽ 10, തൊടുപുഴ ജില്ലാ ആശുപത്രി 10, പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി താലൂക്കാശുപത്രികളിൽ അഞ്ചുവീതവും ബെഡുകളാണുള്ളത്.
തീവ്ര മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സയിലൂടെ ആസക്തി കുറച്ചെടുക്കുകയാണ് ചെയ്യുന്നത്. മദ്യം കിട്ടാതായതിനെതുടർന്ന് ചികിത്സയ്ക്കായി ഇടുക്കിയിൽ ഏഴുപേരും തൊടുപുഴയിൽ മൂന്നുപേരും രാജാക്കാട് സിഎച്ച്സി, ശാന്തന്‍പാറ പിഎച്ച്സി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് എത്തിയത്.
പരമാവധി ആളുകളെ തീവ്ര മദ്യപാനത്തിൽനിന്ന് മോചനം നൽകാൻ ജില്ലയിലെ ഡി അഡിക്ഷൻ ബെഡുകളുള്ള ആശുപത്രികളിൽ വേണ്ടത്ര സൗകര്യം ഒരുക്കികൊടുക്കാൻ തയാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അറിയിച്ചു.
മദ്യം മേടിക്കാൻ കുറിപ്പടിക്കായി എത്തുന്നവരെ ഡോക്ടർമാർ ഡീ അഡിക്ഷൻ സെന്ററുകളിൽ എത്തിച്ച് ചികിത്സിക്കാനുള്ള ശ്രമമുണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.