ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രിൽ 14നുശേഷം പിൻവലിച്ചാലും കർശന നിയന്ത്രണങ്ങൾ തുടരും.
കോവിഡുമായി ബന്ധപ്പെട്ട ആഗോള സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്. ദേശീയ താത്പര്യം മുൻ നിർത്തി ലോക്ക് ഡൗണ്‍ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കാബിനറ്റ് യോഗത്തിനുശേഷം ഇന്നലെ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചത്.
ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ വിദഗ്ധരടങ്ങിയ ഉന്നതാധികാര സമിതി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുഗതാഗതം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം തുടർന്നേക്കും. ലോക്ക് ഡൗണ്‍ കാലാവധി നീട്ടുന്ന കാര്യം ആലോചിച്ചിട്ടേ ഇല്ലെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ കഴിഞ്ഞ ആഴ്ച പറഞ്ഞത്. എന്നാൽ, ഇപ്പോഴുള്ളതുപോലെ തന്നെ നിയന്ത്രണങ്ങൾ തുടരണമെന്ന് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായാണു വിവരം.
കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ വരുത്തേണ്ട എന്നു തന്നെയാണ് കേന്ദ്ര സർക്കാരിന്റെയും വിലയിരുത്തൽ. കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ ആണ് വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇത്രയധികം വർധനവുണ്ടായത്.
ലോക്ക് ഡൗണ്‍ പിൻവലിച്ചാലും കോവിഡ് ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങളോ ജില്ലകളോ പൂർണമായി അടച്ചിടുക എന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകിയ നിർദേശം.
ഇന്നലെ ചേർന്ന കാബിനറ്റ് യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തു എന്നാണു വിവരം. എന്നാൽ, ലോക്ക് ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും പ്രഖ്യാപിക്കുക.