ജിജി ലൂക്കോസ്
ന്യൂഡൽഹി: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനം. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്. ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യത്തെ നിരവധി സംസ്ഥാനങ്ങൾ പിന്തുണച്ചു.
ഏപ്രിൽ 14 നുശേഷം ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തിൽ തീരുമാനമായെന്നും പ്രധാനമന്ത്രി അക്കാര്യം ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്നും യോഗത്തിനുശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു. അതേസമയം, ചില ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നതെന്നും പ്രഖ്യാപനം ഉടനുണ്ടായേക്കുമെന്നുമാണ് സൂചന.
കോവിഡ് വ്യാപനം തടയുന്നതിനായി സ്വീകരിച്ച നടപടികളുടെ ഫലം അറിയുക വരുന്ന ആഴ്ചകളിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിമാരെ അറിയിച്ചു.
അതിനാൽ വരുന്ന മൂന്ന്, നാല് ആഴ്ചകൾ വളരെ നിർണായകമാണ്. അതു നേരിടാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജീവിതമുണ്ടെങ്കിലേ ലോകമുള്ളൂയെന്നും രാജ്യത്തെ ജനങ്ങളുടെ ജീവനാണ് പരമപ്രധാനമെന്നും നാലു മണിക്കൂർ നീണ്ട യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഒഡീഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടിയതും മഹാരാഷ്ട്ര, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനം രൂക്ഷമാണെന്നതും യോഗം വിലയിരുത്തി.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനൊപ്പം കൂടുതൽ വിശാലമായ രീതിയിലുള്ള സാന്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.
കാർഷികപ്രശ്നങ്ങളെക്കുറിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ചൂണ്ടിക്കാട്ടി. കൊറോണ വൈറസ് പരിശോധനാ കിറ്റുകളുടെയും പിപിഇ കിറ്റുകളുടെയും അപര്യാപ്തതയാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉന്നയിച്ചത്. ദിവസവും 24 മണിക്കൂറും തന്നെ ലഭ്യമാകുമെന്നും ഏത് മുഖ്യമന്ത്രിക്കും എപ്പോൾ വേണമെങ്കിലും തന്നോടു സംസാരിക്കാനും നിർദേശങ്ങൾ നൽകാനും സാധിക്കുമെന്നും പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു.
ഇതിനിടെ, ഇന്ത്യ മെഡിക്കൽ സംഘത്തെ കുവൈറ്റിലേക്കുവിടാൻ തീരു മാനിച്ചു.