സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ സന്പൂർണ ലോക്ക്ഡൗണിലായി.
കേരളം, തമിഴ്നാട്, ഗോവ, കർണാടക, ഡൽഹി, ഹരിയാന, ബിഹാർ, ഒഡീഷ, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ് ഗഡ് സംസ്ഥാനങ്ങളിലാണു സന്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു പുറമേ പല സംസ്ഥാനങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ആസാം, പശ്ചിമബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം കടുത്ത നിയന്ത്രണങ്ങൾ.
തമിഴ്നാട്ടിലും കർണാടകയിലും മേയ് പത്തു മുതൽ 24 വരെ സന്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഒറ്റ ദിവസം 26,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് തിമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രി സ്റ്റാലിൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. മേയ് എട്ടു മുതൽ 16 വരെയാണ് കേരളത്തിൽ ലോക്ക് ഡൗണ്‍.
രാജസ്ഥാനിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ വിലക്കി. ബിഹാറിൽ മേയ് നാലു മുതൽ 15 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണു വിവരം.
ഡൽഹിയിൽ ഏപ്രിൽ 19ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് പത്തു വരെ നീളും. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യതലസ്ഥാനത്ത് മൂന്നു തവണയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.
കോവിഡ് വ്യാപനം ഏറെയുള്ള മഹാരാഷ്ട്രയിൽ ഏപ്രിൽ അഞ്ചിനുതന്നെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമായതോടെ ലോക്ക്ഡൗണ്‍ 15 വരെ നീട്ടിയിരിക്കുകയാണ്. പഞ്ചാബിൽ വാരാന്ത്യ ലോക്ക്ഡൗണും രാത്രി കർഫ്യൂവും ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ മേയ് 15 വരെയാണ്.
ഉത്തർപ്രദേശിൽ നിയന്ത്രണങ്ങൾ മേയ് പത്തു വരെ നീട്ടി. മധ്യപ്രദേശിൽ കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ 15 വരെ തുടരും.
ഹരിയാനയിൽ പ്രഖ്യാപിച്ച ഏഴുദിവസത്തെ ലോക്ക്ഡൗണ്‍ ഈ മാസം പത്തു വരെയാണ്. ഒഡീഷയിൽ പ്രഖ്യാപിച്ച 15 ദിവസത്തെ ലോക്ക് ഡൗണ്‍ മേയ് 19 വരെ.
ജാർഖണ്ഡിലെ ലോക്ക്ഡൗണ്‍ മേയ് ആറിന് അവസാനിച്ചെങ്കിലും നിയന്ത്രണങ്ങൾ തുടരുകയാണ്. ഛത്തീസ്ഗഡിൽ ജില്ലാ തലങ്ങളിൽ ഉൾപ്പെടെ ലോക്ക്ഡൗണ്‍ ഏർപ്പെടുത്താൻ കളക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.
ഗുജറാത്തിൽ സാധാരണ കോവിഡ് നിയന്ത്രണങ്ങൾക്കു പുറമേ 29 നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗോവയിൽ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കർഫ്യൂ മേയ് 23 വരെയാണ്. തെലുങ്കാനയിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ മേയ് 15 വരെയും.
ആന്ധ്രപ്രദേശിൽ മേയ് ആറു വരെ ഉച്ചകഴിഞ്ഞ് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പശ്ചിമബംഗാളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആസാമിൽ മേയ് ഏഴു വരെ രാത്രി കർഫ്യു ഏർപ്പെടുത്തിയിരുന്നു. പുതുച്ചേരിയിൽ മേയ് പത്തു വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നാഗാലാൻഡിൽ മേയ് 14 വരെ ഭാഗിക ലോക്ക്ഡൗണാണ്. മിസോറാമിൽ മേയ് മൂന്ന് മുതൽ എട്ടുദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ജമ്മു കാഷ്മീരിൽ നാലു ജില്ലകളിൽ ലോക്ക്ഡൗണ്‍ നീട്ടുകയും രാത്രി കർഫ്യു തുടരുകയുമാണ്. ഉത്തരാഖണ്ഡിൽ രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളുണ്ട്.
ഹിമാചൽപ്രദേശിൽ വാരാന്ത്യ ലോക്ക്ഡൗണിനു പുറമേ ചില ജില്ലകളിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.