മുക്കം: ലോക്ക് ഡൗൺ ലംഘിച്ച് ഹൈദരാബാദിൽ നിന്ന് അനധികൃതമായി യുവാവിന്റെ നേതൃത്വത്തിലുള്ള സംഘം മുക്കത്തെത്തിയതായി പരാതി.
പ്രാദേശിക സിപിഎം നേതാവിന്റെ മരുമകനാണ് പാർട്ടി സ്വാധീനമുപയോഗിച്ച് യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ ഈ മാസം 13ന് നാട്ടിലെത്തിയത്. ഇയാളോടൊപ്പം കണ്ണൂർ സ്വദേശികളായ രണ്ടുപേരുമുണ്ട്. ഇവർ ബിജെപി പ്രവർത്തകരാണെന്നും ആരോപണമുണ്ട്.
ഹൈദരാബാദിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ പാസ് സംഘടിപ്പിച്ചാണ് ഇവർ നാട്ടിൽ എത്തിയതെന്നാണ് സൂചന. എന്നാൽ യുവാവിന് മാത്രമായിരുന്നു പാസ് ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.
മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ആദ്യം അതിർത്തിയിൽ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു തിരിച്ചയച്ചു. പിന്നീട് പാർട്ടി സ്വാധീനമുപയോഗിച്ച് കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടാണ് കേരള അതിർത്തി കടന്ന് ഇവർ നാട്ടിലെത്തിയത്.
ഇവർക്ക് താമസിക്കാൻ തേക്കുംകുറ്റിയിൽ പ്രത്യേക വീടും ഭക്ഷണവും ഏർപ്പാടാക്കിയിരുന്നുവെന്ന് ആരോപണവിധേയനായ സിപിഎം നേതാവ് പറഞ്ഞു.
എന്നാൽ ശനിയാഴ്ച കണ്ണൂർ സ്വദേശികളായ ദമ്പതികൾ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയും പ്രശ്നം വഷളായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇവർക്ക് നോർത്ത് കാരശേരിയിൽ ഫ്ലാറ്റ് ഏർപ്പാടാക്കുകയും ചെയ്തു.
നാട്ടിലേക്ക് പോകണം എന്ന് പറഞ്ഞു വാശി പിടിച്ച് ഭക്ഷണം പോലും കഴിക്കാൻ ഇവർ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് സേവാഭാരതി പ്രവർത്തകർ വന്നതിന് ശേഷമാണ് ഇവർ പോകാനായി വാശി പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ ദമ്പതിമാരിലെ സ്ത്രീ ഫ്ലാറ്റിൽ കുഴഞ്ഞു വീഴുകയും പഞ്ചായത്ത്, ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
എന്നാൽ ഇവർ എത്തിയത് പാസ് ഉപയോഗിച്ചാണെന്നും ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ഇവർ ക്വാറന്റൈനിൽ പോയിരുന്നതായും കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് പറഞ്ഞു.
യുവാവിനൊപ്പം വന്ന മറ്റുള്ളവരെ നാട്ടിലേക്ക് പറഞ്ഞയക്കാൻ കഴിയാതിരുന്നതിനാൽ ആണ് ഇവിടെ തന്നെ താമസിപ്പിച്ചത്. നിലവിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോവിഡ് ഹോട്ട്സ്പോട്ട് ആയ ഹൈദരാബാദിൽ നിന്ന് ചില ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചിലർ കാരശേരി ഗ്രാമപഞ്ചായത്തിൽ എത്തിയത് ഗുരുതര കൃത്യവിലോപമാണെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി. അഷ്റഫ് പറഞ്ഞു.
ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനു കൂട്ടുനിന്ന ആരോഗ്യ പ്രവർത്തകർക്കെതിരേയും കാരശേരി പഞ്ചായത്ത് ഭരണസമിതിക്കെതിരെയും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.