തിരുവനന്തപുരം: കോവിഡ്-19 സംസ്ഥാനത്തു നിയന്ത്രണ വിധേയമാണെങ്കിലും ലോക്ക്ഡൗൺ പിൻവലിച്ചാൽ മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾ അടക്കമുള്ളവർ കൂട്ടത്തോടെ എത്തുന്നതു പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നു മന്ത്രിസഭയുടെ വിലയിരുത്തൽ.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ തീരുമാനത്തിനു ശേഷം അന്തിമ നിലപാട് സ്വീകരിച്ചാൽ മതിയെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്രതീരുമാനം രണ്ടു ദിവസത്തിനകം വരാൻ സാധ്യതയുള്ളതിനാൽ 13നു പ്രത്യേകയോഗം ചേർന്നു തീരുമാനമെടുക്കും. ഇളവുകളനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അതിൽ ചർച്ച ചെയ്യും.
വിവിധ ജില്ലകളിലെ സാഹചര്യങ്ങൾ ചുമതലക്കാരായ മന്ത്രിമാർ റിപ്പോർട്ട് ചെയ്തു. കാസർഗോട്ടും കോവിഡ് വ്യാപനം നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എങ്കിലും പൂർണമായി ആശ്വസത്തിനു വകയില്ല.
അതിർത്തി ചെക്ക് പോസ്റ്റുകളിലൂടെയല്ലാതെ കാട്ടുപാതകളിലൂടെയും മറ്റും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും മറ്റും സംസ്ഥാനത്തേക്ക് ആളുകൾ വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കും. പ്രധാനപാതയല്ലാതെയുള്ള കാട്ടിടവഴികളിലും മറ്റും പോലീസിനെ വിന്യസിക്കും. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇതു പ്രധാനമായുമുള്ളത്.
ലോക്ക്ഡൗൺ കഴിഞ്ഞാൽ അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്കു വരാനിടയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ സാധ്യത. ഡൽഹി, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലുള്ളവരും നാട്ടിലേക്ക് വരാൻ കാത്തുനിൽക്കുകയാണ്.
ഇവരെല്ലാം കൂട്ടത്തോടെ വരുന്നത് ക്വാറന്റൈൻ സംവിധാനം കേരളത്തിൽ ശക്തിപ്പെടുത്തേണ്ട അവസ്ഥയുണ്ടാക്കും. കൂട്ടത്തോടെയുള്ള വരവ് ഒഴിവാക്കാനാവശ്യമായ നിയന്ത്രണങ്ങൾ തുടരാനാണ് നീക്കം. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള സഞ്ചാരവും നിയന്ത്രണത്തോടെ മാത്രമേ അനുവദിക്കൂ.
പച്ചക്കറി സംഭരണം വ്യാപകമാക്കാനും തീരുമാനിച്ചു. പഞ്ചായത്തു തലത്തിൽ ഹോർട്ടികോർപ്പും കൃഷിവകുപ്പും പച്ചക്കറി സംഭരിക്കും. ജലസേചന വകുപ്പിനെ അവശ്യ സർവീസാക്കും.
വർക്ക് ഷോപ്പുകളും സ്പെയർ പാർട്സ് കടകളും വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് തുറക്കുക. പരമാവധി എട്ട് ജീവനക്കാരെയേ അനുവദിക്കൂ.
കെ. ഇന്ദ്രജിത്ത്