തിരുവനന്തപുരം: ലോക്ഡൗണ്‍ കാലാവധി നാളെ അവസാനിക്കാനിരിക്കേ വീണ്ടും നീട്ടണമോ എന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും.
കോവിഡ് വ്യാപനത്തിൽ കുറവുണ്ടായെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാകാത്ത സാഹചര്യത്തിൽ ലോക്ഡൗണ്‍ നീട്ടാനാണു സാധ്യതയെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.
മൊബൈൽ ഫോണും കന്പ്യൂട്ടറും അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്ക് ചൊവ്വ, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഉത്തരവിറക്കി.
മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് ഇളവുകൾ ബാധകം. ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കണ്ണടകൾ, ശ്രവണ സഹായികൾ, കൃത്രിമക്കാലുകൾ എന്നിവയുടെ വില്പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾക്കും ചൊവ്വാഴ്ചയും ശനിയാഴ്ചയും തുറക്കാം.
ചകിരി ഉപയോഗിച്ച് കയർ നിർമിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചൊവ്വ, ശനി ദിവസങ്ങളിൽ അവ ഉപയോഗിക്കാനും അനുമതി നൽകി. വിമൻ ഹൈജീൻ സാധനങ്ങൾ വില്പന സ്ഥലങ്ങളിൽ എത്തിക്കുന്ന വാഹനങ്ങൾക്കും അനുമതി നല്‍കിയിട്ടുണ്ട്.