ന്യൂഡൽഹി: കോവിഡ് പറന്നുനടക്കുന്നു, പുറത്തിറങ്ങിയാൽ പോലീസും വൈറസും പിടിക്കുമെന്ന് പറഞ്ഞാൽ വീരേന്ദറിന് പുല്ലുവിലയാണ്.
ഗത്യന്തരമില്ലാതെ മകൻ അഭിഷേക് പോലീസിനെ വിളിച്ചതോടെ ആറുമാസം തടവിനും ആയിരം രൂപ പിഴയ്ക്കുമുള്ള കേസ് സ്വന്തമാക്കി ഒതുങ്ങിയിരിക്കുകയാണ് തെക്കൻ ഡൽഹിയിലെ വീരേന്ദർ സിംഗ്. കേസ് ഇനി കോടതിയിലെത്തി വിചാരണ നപടികൾ കഴിഞ്ഞാലറിയാം, ആറുമാസം അകത്തു കിടക്കണോ വീട്ടിലിരിക്കണോ എന്ന കാര്യം.
ഡൽഹിയിലാണ് സംഭവം. 59കാരനായ അച്ഛൻ വീരേന്ദർ സിംഗ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിരന്തരം ചുറ്റിനടക്കുകയാണെന്നാണ് മകൻ അഭിഷേകിന്റെ പരാതി.
അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ പറഞ്ഞിട്ടു കേൾക്കാതെ അച്ഛൻ പതിവായി രാവിലെതന്നെ വീടുവിട്ടിറങ്ങുമെന്നാണ് അഭിഷേകിന്റെ പരാതി. ഏപ്രിൽ ഒന്നിനാണ് അഭിഷേക് അച്ഛന്റെ ലോക്ക് ഡൗണ്‍ ലംഘനത്തെക്കുറിച്ചു പോലീസിൽ പരാതി നൽകിയത്.
പരാതി കിട്ടിയതിനു തൊട്ടു പിന്നാലെതന്നെ വസന്ത്കുഞ്ച് സ്റ്റേഷനിൽനിന്ന് രണ്ടു പോലീസുകാർ രജോക്രിയിലുള്ള ഇവരുടെ വീട്ടിലേക്ക് തിരിച്ചു. തിരക്കി ചെന്നപ്പോൾ വീടിനു പുറത്ത് തർക്കിച്ചു നിൽക്കുന്ന അച്ഛനെയും മകനെയുമാണു കണ്ടത്.
പോലീസുകാരുടെ സാന്നിധ്യത്തിൽ വീട്ടിൽ ഒതുങ്ങി ഇരിക്കാമോയെന്ന് ഒരിക്കൽകൂടി അഭിഷേക് അച്ഛനോട് ചോദിച്ചു. എന്നാൽ, വീരേന്ദർ അതൊന്നും കൂട്ടാക്കിയില്ല.
ഒടുവിൽ, ഈ കോവിഡ് കാലത്ത് വീട്ടിലിരുന്നേ മതിയാകൂ എന്ന് പോലീസുകാരും വീരേന്ദറിനോട് അഭ്യർഥിച്ചു. പുറത്തിറങ്ങി നടക്കുന്നത് അദ്ദേഹത്തിനും നാട്ടുകാർക്കും വീട്ടുകാർക്കും ഒരുപോലെ കുഴപ്പമുണ്ടാക്കുമെന്ന് പറഞ്ഞു മനസിലാക്കാനും ശ്രമിച്ചു.
എന്നാൽ, പോലീസുകാരുടെ വിരട്ടലൊന്നും വീരേന്ദർ കണക്കിലെടുത്തില്ല. അതോടെ അഭിഷേകിന്റെ പരാതിയുമായി മുന്നോട്ടു പോകാൻതന്നെ പോലീസ് തീരുമാനിച്ചു. അച്ഛനെതിരേയുള്ള മകന്റെ മൊഴിയുമെടുത്തു.
തന്റെ അച്ഛൻ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ഒന്നും പാലിക്കുന്നില്ല. ആരു പറഞ്ഞിട്ടും കേൾക്കാൻ കൂട്ടാക്കാതെ അദ്ദേഹം നിരന്തരം പുറത്തിറങ്ങി ചുറ്റിനടക്കുകയാണെന്ന് അഭിഷേക് മൊഴി നൽകി.
അച്ഛനെതിരേ നിയമനടപടി എടുക്കണമെന്നുകൂടി അഭിഷേക് ആവശ്യപ്പെട്ടു. ഈ മൊഴി അപ്പാടെ എഫ്ഐആറിൽ ചേർത്ത പോലീസ് വീരേന്ദറിനെതിരേ ഐപിസി 188-ാം വകുപ്പ് ചുമത്തി കേസെടുത്തു. ആയിരം രൂപ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിച്ചു പുറത്തിറങ്ങി നടന്നവർക്കെതിരേ ഇതുൾപ്പടെ 33 കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 21ഉം ദ്വാരകയിൽനിന്നാണ്.
എട്ട് കേസുകൾ തെക്കൻ ഡൽഹിയിൽ നിന്നും രണ്ട് കേസുകൾ വീതം വടക്കൻ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, സെൻട്രൽ ഡൽഹി എന്നിവിടങ്ങളിലാണ്.
ലോക്ക് ഡൗണ്‍ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതൽ 60 വകുപ്പുകൾ അനുസരിച്ചും ഐപിസി 188-ാം വകുപ്പു പ്രകാരവും കേസെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്.