ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ചട്ടങ്ങൾ കേരളം ലംഘിച്ചെന്ന് കേന്ദ്രം.
ഏപ്രിൽ 15ന് കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശം കേരളം തെറ്റിച്ചു. സംഭവത്തിൽ കേരളത്തോട് വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ചു.
കേരളത്തിൽ ബാർബർഷോപ്പുകളും ഹോട്ടലുകളും തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഇത് ലോക്ക്ഡൗണ്‍ ചട്ടലംഘനമാണെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തൽ.
പുസ്തകശാലകളും വർക്ക്ഷോപ്പുകളും തുറന്നതും തെറ്റാണെന്നും കേന്ദ്രം അറിയിച്ചു. കാറിൽ രണ്ട് പിൻസീറ്റ് യാത്രക്കാരെ അനുവദിച്ചത് തെറ്റാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കേരളം മാർഗനിർദേശങ്ങളിൽ വെള്ളം ചേർത്തുവെന്നും കേന്ദ്രം വ്യക്തമാക്കി. കേരളത്തിന്റെ വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
നേരത്തെ ഡൽഹിയിൽ അതിഥി തൊഴിലാളികൾക്കായി കേജരിവാൾ സർക്കാർ ബസ് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയും കേന്ദ്രം രംഗത്തെത്തിയിരുന്നു.
സംഭവത്തിൽ ഡൽഹി ട്രാൻസ്പോർട്ട് സെക്രട്ടറിയെ കേന്ദ്രസർക്കാർ സസ്പെൻഡു ചെയ്യുകയും ചെയ്തിരുന്നു. കേന്ദ്രസർക്കാർ രാജ്യവ്യാപകമായി മേയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ ഏഴ് ജില്ലകളിലാണ് ലോക്ക്ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീൻ, ഓറഞ്ച് ബി മേഖലകളിലാണ് ഇന്ന് മുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം, ഇടുക്കി ജില്ലകളാണ് ഗ്രീൻ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളാണ് ഓറഞ്ച് ബി മേഖലയിൽ ഉൾപെടുത്തിയിരിക്കുന്നത്.
അതേ സമയം മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.
ലോക്ക് ഡൗണ്‍ ലംഘിച്ചിട്ടില്ലെന്ന് കേരളം; ഇളവുകള്‍ നല്‍കിയത് കേന്ദ്ര നിര്‍ദേശപ്രകാരം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്കിയ ഇളവുകള്‍ ലംഘിച്ചിട്ടില്ലെന്ന് കേരളം. കേന്ദ്ര നിര്‍ദേശപ്രകാരമാണ് ഇളവ് അനുവദിച്ചതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു.
എല്ലാ കാര്യങ്ങളും കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം തുടരും. തിരുവനന്തപുരത്ത് കർശന നിയന്ത്രണം വേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
നേരത്തെ കേരളം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് കേരളം വിശദീകരണം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.