ബംഗളൂരു: ലോക്ക് ഡൗണ്‍ കാര്യമാക്കാതെ ഒരുവിഭാഗം ബംഗളൂരു ജനത. രാത്രിയുൾപ്പെടെ വാഹനങ്ങളിൽ ആളുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നതിന്റെ വീഡിയോ മലയാളികളിൽ ചിലർ ആശങ്കയോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെ വിധാൻ സൗധയുടെ തൊട്ടടുത്ത് റേഷൻ കടയിൽ അരി വാങ്ങാനെത്തിയവരുടെ തിരക്ക് ഒരു വീഡിയോയിൽ കാണാം. ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്നതും ദൃശ്യമാണ്.
അധികൃതരുടെ നിർദേശങ്ങൾ വകവയ്ക്കാതെ തീർത്തും നിരുത്തരവാദപരമായാണ് ചിലർ പെരുമാറുന്നതെന്ന് ബംഗളൂരുവിലുള്ള മലയാളികൾ പറയുന്നു. രാവിലെ മുതൽതന്നെ കച്ചവടക്കാരടക്കം തെരുവുകൾ സജീവമാകുന്നുണ്ട്.
ഈ തിരക്കു കാണുന്പോൾ തങ്ങൾ കേരളത്തിലായിരുന്നെങ്കിൽ കൂടുതൽ സുരക്ഷിതരായിരുന്നേനേ എന്നാണ് ഭൂരിപക്ഷം മലയാളികളുടെയും നിലപാട്. യാത്രാവിലക്കുള്ളതിനാലാണ് ഇവർ അവിടെ തുടരുന്നത്.