തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരേ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ തിടുക്കത്തിൽ തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ കേരളം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം തുടർ തീരുമാനമാകമെന്ന ധാരണയിൽ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം പിരിഞ്ഞു. കേന്ദ്ര തീരുമാനം ഇന്നു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. മറ്റന്നാൾ വീണ്ടും മന്ത്രിസഭ യോഗം ചേരും.
കേന്ദ്ര തീരുമാനം വരുന്നതിന് മുന്പ് കേരളത്തിൽ മാത്രമായി ഇളവുകൾ പ്രഖ്യാപിക്കുന്നതു ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടായി. രോഗ വ്യാപനം തടയുന്നതിൽ പ്രതീക്ഷച്ചതിനെക്കാളും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലാണ് സർക്കാരിന്.
ഒറ്റയടിക്ക് വിലക്കുകളെല്ലാം പിൻവലിക്കുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കുക എന്ന നിലപാടിലേക്ക് കേരളം എത്തിയത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി. നിലവിൽ ആശങ്ക വേണ്ട. കാസർഗോഡ് അടക്കം സ്ഥിതി ആശ്വാസകരമാണെങ്കിലും ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.