തിരുവനന്തപുരം: ലോക് ഡൗൺ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ അകത്ത് പോകും. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 13 ദിവസം പിന്നിട്ടു.
വാഹനങ്ങളുമായി റോഡിലിറങ്ങി അനാവശ്യ യാത്രനടത്തുന്നവർക്കെതിരെ പോലീസ് നടപടി കർശനമാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കർശന നിർദേശം നൽകിയത്.
സംസ്ഥാന സർക്കാർ പുതുതായി പാസാക്കിയ എപ്പിഡമിക് ആക്ടിലെ കടുത്ത വകുപ്പുകൾ പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ജാമ്യമില്ല വകുപ്പാണിത്.
ഇതിന് പുറമെ കടുത്ത പിഴയും രണ്ട് വർഷം തടവും ലഭിക്കുന്ന വകുപ്പനുസരിച്ചാണ് പോലീസ് കേസെടുക്കുന്നത്. സത്യവാങ്മൂലം കൈവശം കരുതി അത്യാവശ്യ യാത്രകൾ നടത്താമെന്ന പോലീസിന്റെ ഇളവ് പലരും ദുരുപയോഗം ചെയ്യുന്നുവെന്ന പശ്ചാത്തലത്തിൽ സത്യവാങ്മൂലം ഉപയോഗിച്ചുള്ള വാഹനയാത്ര റദ്ദാക്കാനുള്ള നടപടികളെക്കുറിച്ചും പോലീസ് ആലോചിക്കുകയാണ്.
ജില്ലാ അതിർത്തികളിലും പ്രധാനപ്പെട്ട പോയിന്റുകളിലും ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുകയാണ്.
അനാവശ്യ യാത്രകൾ നടത്തുന്നവരെ അറസ്റ്റ് ചെയ്യാനും വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും പോലീസ് നടപടി സ്വീകരിക്കുന്നതിനിടയിലും ചിലർ വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയതിനാലാണ് പരിശോധനകൾ കർശനമാക്കിയിരിക്കുന്നത്.
അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഇന്ന് നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ രാഷ്ട്രദീപികയോട് പറഞ്ഞു.