പാന്പാടി: ഡ്രൈഡേയിലും സന്പൂർണ ലോക്ഡൗണായ ശനി, ഞായർ ദിവസങ്ങളിലും വ്യാജ മദ്യത്തിനു വലിയ ഡിമാൻഡ്.
ലോക്്ഡൗണിൽ വിദേശമദ്യ ഷോപ്പുകളും ബാറുകളും അടഞ്ഞു കിടന്നപ്പോൾ വലിയ തോതിൽ വ്യാജമദ്യ നിർമാണം നടന്നിരുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇളവുകൾ വന്നതോടെയാണ് ശനി, ഞായർ ദിവസങ്ങൾ ഒഴികെ വിദേശമദ്യ ഷോപ്പുകൾ തുറക്കാൻ അനുമതിയായത്.
എന്നാൽ ഈ ദിവസങ്ങളിലേക്കുള്ള വ്യാജ മദ്യ നിർമാണത്തിലാണ് ചിലർ. വിൽപനയ്ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന 10 ലിറ്റർ മദ്യമാണ് എക്സൈസ് കഴിഞ്ഞ ദിവസം പാന്പാടി പരിസരത്തു നിന്നും പിടികൂടിയത്.
വീട് പരിസരം കേന്ദ്രീകരിച്ചു മദ്യവിൽപന നടത്തിവന്നിരുന്ന അരീപ്പറന്പ് ഒറവയ്ക്കൽ വടക്കൻമണ്ണൂർ രാജൻ മാണിയെ(56) തുടർന്നു പിടികൂടി.
അരീപ്പറന്പ്, ഒറവയ്ക്കൽ എന്നിവിടങ്ങളിൽ മദ്യവിൽപന നടക്കുന്നതായി എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷണം നടത്തിവരികയായിരുന്നു.
റെയ്ഡിൽ പാന്പാടി എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. വിനോദ്, ജെക്സി ജോസഫ്, അനിൽ വേലായുധൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആന്റണി സേവ്യർ, സുഭാഷ്, മനു ചെറിയാൻ എന്നിവർ പങ്കെടുത്തു.