കൊട്ടാരക്കര: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പൊതു സ്ഥലങ്ങളിലെല്ലാം ജനത്തിരക്ക്.
മാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും പൊതുനിരത്തിലും പണമിടപാട് സ്ഥാപനങ്ങളിലുമെല്ലാം ജനങ്ങൾ കൂട്ടം കൂടുകയായിരുന്നു. ഇളവുകൾ ജനം ആഘോഷമാക്കിയതോടെ രോഗവ്യാപനം വീണ്ടുമുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കൊട്ടാരക്കര ടൗണിലും താലൂക്കിലെ മറ്റു പട്ടണങ്ങളിലും വാഹനത്തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. ഗതാഗതകുരുക്കു പോലും പലയിടങ്ങളിലും ഉണ്ടായി.
അത്യാവശ്യ യാത്രകൾക്കാണ് ഇളവനുദിച്ചിരിക്കുന്നതെങ്കിലും തെരുവിലിറങ്ങിയ വരിലധികവും അനാവശ്യ യാത്രക്കാരായിരുന്നു.
ഗതാഗത പരിശോധനക്ക് പോലീസുണ്ടായിരുന്നെങ്കിലും ഒരിടത്തും കാര്യക്ഷമമായ പരിശോധനകളുണ്ടായില്ല. ഇതു മുതലെടുത്താണ് അനാവശ്യ യാത്രക്കാർ തെരുവിലിറങ്ങിയത്.
ചന്തകൾ അടച്ചിട്ടിരിക്കുകയാണെങ്കിലും മിക്ക ചന്തകളുടെയും പരിസരങ്ങളിൽ മൽസ്യ വ്യാപാരം നടന്നു. ഇവിടങ്ങളിലെല്ലാം നല്ല തിരക്കുമായിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു മൽസ്യ വ്യാപാരം നടന്നത്.
ഷോപ്പിംഗ് കോംപ്ലക്സുകളിലും സൂപ്പർ മാർക്കറ്റുകളിലുമെല്ലാം ആളുകൾ തിക്കിത്തിരക്കി. സാമൂഹ്യ അകലവും സാനിറ്റൈസേഷനുമൊന്നും മിക്കയിടത്തും ഉണ്ടായിരുന്നില്ല.
ഉപഭോക്താവിന്റെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന നടപടികളിൽ നിന്നു പോലും പല വ്യാപാര സ്ഥാപനങ്ങളും പിന്നോട്ടു പോവുകയാണുണ്ടായത്. പരമാവധി വിൽപന നടത്താനുള്ള വ്യഗ്രതയിലായിരുന്നു വ്യാപാരികൾ.
ബാങ്കുകളിലും പണമിടപാടു സ്ഥാപനങ്ങളിലുമായിരുന്നു ഏറ്റവും വലിയ ആൾക്കൂട്ടം. രാവിലെ മുതൽ തന്നെ ഇത്തരം സ്ഥാപനങ്ങൾക്കു മുന്നിൽ ജനം കുട്ടംകൂടി.
അധികൃതർ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ജനം അതൊന്നും വകവച്ചില്ല. ആൾക്കൂട്ടം നിയന്ത്രണാതീതമായ ചിലയിടങ്ങളിൽ ബാങ്ക് അധികൃതർക്ക് പോലീസ് സഹായം തേടേണ്ടി വന്നു. പക്ഷേ പോലീസ് മടങ്ങുന്നതോടെ വീണ്ടും തിക്കിത്തിരക്കുണ്ടായി.
ഇളവുകൾ ജനത്തിന്റെ ജാഗ്രത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഒരു വിഭാഗം പേർ അതിനെ ആഘോഷമാക്കി മാറ്റുകയും ചെയ്യുന്നു.
ഇത്തരമാളുകൾ രോഗവ്യാപനത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയാണ്. ഇങ്ങനെ പോയാൽ ഒരു മൂന്നാം വ്യാപനത്തിന് കാലതാമസമുണ്ടാകില്ലെന്ന് ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.