കോഴിക്കോട് : സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ലോക്ക്ഡൗണ്‍ ലംഘിച്ച് മാരകായുധങ്ങളുമായി പുറത്തിറിങ്ങിയ യുവാക്കള്‍ പിടിയില്‍. 25 പേര്‍ക്കെതിരേയാണ് കസബ പോലീസ് കേസെടുത്തത്. വ്യാജ സന്ദേശം പ്രചരിപ്പിച്ച 30 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
സിറ്റിയിലെ കസബ പോലീസ് സ്റ്റേഷന് പരിധിയിലെ പൊക്കുന്ന്, കിണാശേരി, കുളങ്ങര പീടിക, നോര്‍ത്ത് പള്ളി, കുറ്റിയില്‍താഴം, തുടങ്ങിയ പ്രദേശങ്ങളിലാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചരിപ്പിച്ച വ്യാജസന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ രാത്രി സമയങ്ങളില്‍ റോഡിലും മറ്റുമായി ഇരുമ്പ്കമ്പി ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഇറങ്ങി നടന്നത്.
ലഹരി ഉപയോഗിക്കാനും വില്പന നടത്താനും വേണ്ടി യുവാക്കള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇത്തരം പ്രചാരണമെന്നാണ് പോലീസ് പറയ ുന്നത്.
കള്ളനെ പിടിക്കാന്‍ എന്ന വ്യാജേന യുവാക്കളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നില്‍ക്കുകയും ഇവര്‍ തന്നെ പിന്നീട് ഓടുകയും ചെയ്യുകയാണ് പതിവ്. മറ്റുള്ളവരെ ‘കള്ളന്’ എന്ന് തെറ്റിദ്ധരിപ്പിക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്.
നാട്ടില്‍ ഭീതി പരത്തുകയും നാട്ടുകാര്‍ പേടിച്ച് പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ലഹരി ഉപയോഗിക്കാനും വില്‍പ്പന നടത്താനുമാണ് ഇവര്‍ ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്. രക്ഷിതാക്കള്‍ പോലും അറിയാതെയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ പലരും സമൂഹമാധ്യമങ്ങള്‍ വഴി സംഘടിച്ചത്.
കള്ളനെ പിടിക്കാന്‍ രാത്രിയില്‍ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന പൊതുപ്രവര്‍ത്തകരുടെയും രക്ഷിതാക്കളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് കസബ എസ്ഐ വി.സിജിത്ത് പരിശോധനയ്ക്കായി എത്തിയത്.
പരിശോധനയില്‍ രാത്രി മാരകായുധങ്ങളുമായി ഇറങ്ങിയ യുവാക്കളെ പിടികൂടുകയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് പുറത്തിറങ്ങാനുള്ള നാടകമാണിതെന്ന് വ്യക്തമാക്കിയത്.
വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരേയും വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിന് മാര്‍ക്കെതിരേയും നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരും.