തിരുവനന്തപുരം: കൂലിപ്പണിക്കാർ, വീട്ടുജോലിക്കാർ മുതലായവരുടെ യാത്ര തടസപ്പെടുത്തരുതെന്നു പോലീസിനു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.
വൻകിട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ജോലിക്കാർക്ക് സമീപ പ്രദേശത്തുതന്നെ താമസസൗകര്യം ഒരുക്കേണ്ട ചുമതല ഉടമസ്ഥർക്ക് ഉണ്ട്.
ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ യാത്ര ഒഴിവാക്കാനാണ് ഇത്. താമസസൗകര്യം ഒരുക്കാൻ കഴിയില്ലെങ്കിൽ ജോലിക്കാർക്ക് യാത്ര ചെയ്യാനായി വാഹന സൗകര്യം ഏർപ്പെടുത്തണം.
നടപ്പ്, ഓട്ടം, വിവിധതരം കായികവിനോദങ്ങൾ മുതലായ വ്യായാമ മുറകൾക്കായി പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം.
പൊതുസ്ഥലങ്ങളിൽ പോകുന്നവർ രണ്ട് മാസ്ക് ധരിക്കണമെന്ന നിർദേശം കൃത്യമായി പാലിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു.
രണ്ട് മാസ്ക് ഉപയോഗിക്കുന്നവർ ആദ്യം സർജിക്കൽ മാസ്കും പുറമെ തുണി മാസ്കുമാണ് ധരിക്കേണ്ടത്. അല്ലെങ്കിൽ എൻ95 മാസ്ക് ഉപയോഗിക്കണം- മുഖ്യമന്ത്രി പറഞ്ഞു.