മുട്ടം: റേഷൻ വാങ്ങാനായി 45 കിലോമീറ്റർ നടന്ന ദന്പതിമാർക്ക് സഹായവുമായി മുട്ടം പോലീസ്. മൂന്നിലവിലുള്ള റേഷൻ കടയിൽനിന്ന് ഭക്ഷ്യധാന്യ കിറ്റ് വാങ്ങാൻ ഏഴല്ലൂരിൽ നിന്നാണ് മൂന്നിലവ് പലകചാരിക്കൽ വിൻസെന്റും ഭാര്യ ജോഷ്നിയും മുട്ടംവഴി നടന്നത്.
ഏഴല്ലൂർ സ്വദേശിയുടെ കൃഷിയിടത്തിൽ ജോലിചെയ്ത് ഇവിടെതന്നെയുള്ള ഷെഡിൽ വാടകയ്ക്ക് താമസിക്കുകയാണ് വിൻസെന്റും ജോഷ്നയും. ലോക്ക് ഡൗണ്‍ കാരണം പണിക്കു പോകുന്നില്ല.
ഇവരുടെ റേഷൻ കാർഡ് സ്വദേശമായ മൂന്നിലവിലാണ്. വാടകഷെഡിൽ അരിയും വീട്ടുസാധനങ്ങളും തീർന്നതോടെ കാൽനടയായി മൂന്നിലവിലെ റേഷൻ കടയിലേക്ക് പോകുന്നതിനിടെയാണ് മുട്ടം എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെടുന്നത്.
സൗജന്യ റേഷൻ കിറ്റ് വാങ്ങാനായി മൂന്നിലവിന് പോവുകയാണെന്ന വിവരം ഇവർ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. കിലോമീറ്ററുകൾ താണ്ടി അവശരായിരുന്നു ഇരുവരും.
ഇവരുടെ അവസ്ഥകണ്ട് ഇവർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ അടുത്ത കടയിൽനിന്ന് പോലീസ് ഉദ്യോഗസ്ഥർ വാങ്ങിനൽകി. കൂടാതെ ഇവർ പണിയെടുക്കുന്ന സ്ഥല ഉടമയെ വിളിച്ചുവരുത്തി ഇദ്ദേഹത്തിന്റെ വാഹനത്തിൽ ഇരുവരെയും ഏഴല്ലൂരിലുള്ള താമസസ്ഥലത്ത് എത്തിക്കുകയും ചെയ്തു.