കെ. ഷിന്റുലാല്‍
കോഴിക്കോട് : ആഭ്യന്തരവകുപ്പിന് എക്കാലവും കളങ്കം സൃഷ്ടിക്കുന്ന ലോക്കപ്പ് മര്‍ദനങ്ങളും കസ്റ്റഡി മരണങ്ങളും ഇല്ലാതാക്കാന്‍ സര്‍ക്കാറിന്റെ ഒറ്റമൂലി’. പോലീസ് കസ്റ്റഡിയിലുള്ളവരെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുമ്പോള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ , ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കര്‍ശന നിര്‍ദേശം നല്‍കിയത്.
ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിഎച്ച്എസ്), ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ (ഡിഎംഇ) എന്നിവര്‍ ഇക്കാര്യത്തിലുള്ള നടപടി ക്രമങ്ങള്‍ എല്ലാ ജില്ലയിലും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.
കസ്റ്റഡിയിലുള്ളവരെ പോലീസ് മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുവരുമ്പോള്‍ ശരീരത്തില്‍ ആന്തരികമായുണ്ടാകാവുന്ന വലിയ പ്രശ്നങ്ങളുടെ എന്തെങ്കിലും സൂചനകള്‍ പ്രകടമായുണ്ടോയെന്ന് വിശദമായി പരിശോധിക്കണം.
ഇതിനായി വൃക്കസംബന്ധമായ വിവരങ്ങള്‍ , ശരീരത്തിലെ ഹൃദയമുള്‍പ്പെടെയുള്ള ഭാഗങ്ങളിലെയും പേശികളുടേയും മറ്റുമുള്ള വിവരങ്ങള്‍ , ശരീരത്തില്‍ ക്ഷതമേറ്റതിനെ തുടര്‍ന്നും മുറിവുകളേറ്റതിനെ തുടര്‍ന്നുമുള്ള അണുബാധ , മൂത്രാശയ സംബന്ധമായ പ്രശ്നങ്ങള്‍ , വയറിന്റെ ഭാഗത്തുള്ള സ്കാനിംഗ് തുടങ്ങി ആന്തരികമായ മുറിവുകള്‍ അറിയുന്നതിനുള്ള പരിശോധനകള്‍ നടത്തണം.
എല്ലാ ജില്ലയിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ കര്‍ശനമായി ഈ ഉത്തരവ് നടപ്പാക്കണമെന്നും ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഇന്‍ -ചാര്‍ജ്ജ് പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
തീരുമാനത്തിനു പിന്നിൽ
കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നാരായണ കുറുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാന്‍ ഇതോടെ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ നിയമസഭയിലും വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുകേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടത്ത് രാജ്കുമാര് പോലീസിന്റെ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് 2019 ജൂണ്‍ 21 ന് മരിച്ചുവെന്നാണ് കേസ്. ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചതിന്റെ ഫലമായി ന്യൂമോണിയ ബാധിച്ചാണ് രാജ്കുമാര് മരിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ഈ സാഹചര്യം നിലനില്‍ക്കെയാണ് ഇനിയൊരു ജീവനും ലോക്കപ്പില്‍ കിടന്ന് മരിക്കാന്‍ ഇടവരരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം കസ്റ്റഡിയിലുള്ള പ്രതികളെ ജയിലില്‍ ഹാജരാക്കുന്നതിന് മുമ്പുള്ള ഇത്തരം പരിശോധനകള്‍ക്ക് ഭാരിച്ച ചെലവ് വരുമെന്നാണ് പറയുന്നത്. കൂടാതെ പരിശോധന നടത്താനും മറ്റുമുള്ള സമയവും പോലീസിന് ജോലിഭാരവും കൂട്ടുന്നതാണെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.