കറുകച്ചാൽ: മദ്യപിച്ചുവെന്നാരോപിച്ച് യുവാവിന് പോലീസ് മർദനം. സംഭവത്തിൽ ജനപക്ഷം കങ്ങഴ മണ്ഡലം കമ്മറ്റി ജില്ലാ പോലീസ് ചീഫിനു പരാതി നൽകി. കങ്ങഴ കൂന്പന്താനം പൂതക്കുഴിയിൽവീട്ടിൽ ജിജോ ജോണ് (36) ആണ് പരിക്കേറ്റത്.
പരാതിയിൽ പറയുന്നതിങ്ങനെ, ഞായറാഴ്ച്ച രാത്രി ഏഴിനു കറുകച്ചാൽ ടൗണിൽ നിന്നും ജിജോയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം ഇരുവരെയും ചോദ്യം ചെയ്യുകയും ജിജോയെ ലോക്കപ്പിൽ കയറ്റി ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് മർദന വിവരം പുറത്തറിയരുതെന്ന് പറഞ്ഞ് കേസെടുക്കാതെ ഇയാളെ വിട്ടയച്ചു.
വീട്ടിലെത്തി ശേഷം ജിയോയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെവിയിൽ നിന്നും രക്തം വരികയും ചെയ്തു. ഉടൻ തന്നെ വിവരമറിഞ്ഞെത്തിയ ജനപക്ഷം പ്രവർത്തകർ ജിജോയെ പാന്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് ജനപക്ഷം നേതാക്കളായ മാത്യു സ്ക്കറിയ, റെനീഷ് ചൂണ്ടശേരി, ശാന്തികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ചീഫിനും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകി.
എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും മദ്യപിച്ച ശേഷം റോഡരികിൽ അടിപിടി ഉണ്ടാക്കിയ ജിയോയെയും സുഹൃത്തിനെയും പിടികൂടി ശേഷം കേസെടുത്ത് ജാമ്യത്തിൽ വിട്ടയക്കുകയാണ് ചെയ്തതെന്ന് കറുകച്ചാൽ സിഐ സി.കെ.മോനോജ് പറഞ്ഞു.