ഉപ്പുതറ: സ്വകാര്യ വ്യക്തി ഒരു കുടുംബത്തിന്റെ സഞ്ചാരമാർഗം തടഞ്ഞതായി പരാതി. വാഗമണ്‍ വട്ടപ്പതാൽ തട്ടാശേരി സുനിത മോഹനന്റെ വീട്ടിലേക്കുള്ള വഴിയാണ് അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞത്.
1994 മുതൽ സുനിതയുടെ കൈവശമിരിക്കുന്ന ഭൂമിയിലേക്കും വീട്ടിലേക്കും അയൽവാസിയുടെ പുരയിടത്തിൽ കൂടിയായിരുന്നു എത്തിയിരുന്നത്.
1994 മുതൽ ഉപയോഗിക്കുന്ന യാത്രാമാർഗമാണ് ഗെയിറ്റിട്ടു പൂട്ടിയത്. ഇതോടെ സുനിതയ്ക്കും കുടുംബത്തിനും പുറംലോകമായി ബന്ധപ്പെടാൻ മാർഗം ഒന്നുമില്ലാതായി. കുടുംബത്തിന് ആശുപത്രിയിൽപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.
പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വാഗമണ്‍ സിഐക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും സുനിതയും കുടുംബവും ആരോപിച്ചു.
എന്നാൽ ഭൂമി തന്റെ പട്ടയഭൂമിയാണന്നും അഞ്ചുവർഷത്തേക്ക് റോഡ് ഉപയോഗിക്കാൻ കരാർ നൽകിയിരുന്നതാണന്നും കരാർ ലംഘിക്കുകയും മറ്റൊരാൾക്ക് ഭൂമി വിൽക്കുകയും ചെയ്തതോടെയാണ് റോഡ് അടച്ചതെന്നും സ്ഥല ഉടമയായ ലെനിൻ പറഞ്ഞു.
റോഡിന്റെ ഉടമയുടെ സമ്മതമില്ലതെ റോഡ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കൊടുത്തതായും തന്റെ ഭൂമിയുടെ അതിര് വഴി നടപ്പാത നൽകാമെന്നറിയിച്ചിട്ടും വഴങ്ങാതെ വന്നതിനാലാണ് റോഡ് അടച്ചതെന്നും ലെനിൻ പറയുന്നു.