ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലോക്ക്ഡൗണ്‍ ഇനി സാന്പത്തിക മേഖലയ്ക്ക് താങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിമാരുടെ ഓണ്‍ലൈൻ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ക്കാണു നമ്മൾ പ്രാധാന്യം നൽകേണ്ടത്. ഇവിടങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതു കൊറോണക്കാലത്താണു ജീവിക്കുന്നതെന്നു ജനത്തെ ഓർമിപ്പിക്കും. കർഫ്യൂവിനെ ‘കൊറോണ കർഫ്യൂ’ എന്നു വിശേഷിപ്പിക്കുന്നതു നല്ലതായിരിക്കും
രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയോ രാത്രി 10 മുതൽ രാവിലെ ആറ് വരെയോ കർഫ്യൂ ഏർപ്പെടുത്തുന്നതാണ് ഗുണകരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം നേരിടുന്നത് ഏറ്റവും മോശം സാഹചര്യമാണ്. കോവിഡ് വ്യാപനം വലിയ വെല്ലുവിളിയാണ്.
വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ ചില സംസ്ഥാനങ്ങൾക്ക് വീഴ്ചപറ്റി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഏപ്രിൽ 11 മുതൽ 14 വരെ വാക്സിൻ ഉത്സവമായി ആഘോഷിക്കും. ആർടിപിസിആർ ടെസ്റ്റുകൾ 70 ശതമാനമായി ഉയർത്തണം. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും ടെസ്റ്റ് നടത്തണം.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയാക്കാൻ പാകത്തിൽ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.
പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. മാക്സ് ധരിക്കുന്നത് അടക്കമുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരാൻ ആവശ്യമായ ബോധവത്കരണം ശക്തിപ്പെടുത്തണം.
കോവിഡ് നിർണയ പരിശോധന നടത്താനോ പ്രതിരോധ കുത്തിവയ്പ് എടുക്കാനോ നമ്മൾ മറക്കുന്നു.
പ്രതിരോധ കുത്തിവയ്പ്പില്ലാതെ കോവിഡിനെതിരായ പോരാട്ടത്തിൽ വിജയിക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.