സ്വന്തംലേഖകന്‍
കോഴിക്കോട്: ബെവ് ക്യുആപ്പ് വഴിയുള്ള മദ്യവില്പന ആരംഭിക്കുന്നതിന് മുമ്പേ തന്നെ ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്ന ഔട്ട്ലെറ്റില് നിന്ന് ജീവനക്കാരന് മദ്യം കടത്തിയെന്ന പരാതിയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരാതിയെ കുറിച്ച് ബെവ്കോ ഉത്തരമേഖലാ റീജണല്‍ മാനേജര്‍ വി.സതീശനാണ് അന്വേഷിക്കുന്നത്.
ഇന്ന് അവധിയായതിനാല്‍ ഔട്ട്ലെറ്റിലെ പരിശോധന തിങ്കളാഴ്ചയും തുടരും. ഇതിന് ശേഷം ബിവറേജസ് കോര്പറേഷന് എംഡിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വി.സതീശന് പറഞ്ഞു.
റിപ്പോര്‍ട്ടില്‍ ജീവനക്കാരന്റെ പങ്ക് വ്യക്തമായാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് എംഡി സ്പര്ജ്ജന് കുമാര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. ഓഫീസര്‍മാരുടെ എണ്ണം കുറവായതിനാലാണ് അന്വേഷണം വൈകുന്നത്.
എക്സൈസിന് പങ്കില്ല
മദ്യം കടത്തിയതുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോഴിക്കോട് എക്സൈസ് അസി.കമ്മീഷണര്‍ പ്രേംകുമാര്‍ പറഞ്ഞു.
ഏതെങ്കിലും ജീവനക്കാരന് വ്യക്തിപരമായി പങ്കുണ്ടോയെന്നത് കണ്ടത്തേണ്ടതാണ്. ഇപ്പോഴത്തെ പരിശോധനയും അന്വേഷണവും പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്ത് ബിവറേജസ് ഔട്ട്ലെറ്റുകളുടെ സുരക്ഷാ ചുമതല എക്സൈസ് ഏറ്റെടുത്തിരുന്നില്ല. ഇടയ്ക്കുള്ള പരിശോധന മാത്രമേയുണ്ടായിരുന്നുള്ളൂ. അതിനാല്‍ ജീവനക്കാരന് മദ്യം കടത്തിയതില്‍ എക്സൈസിന് വീഴ്ചപറ്റിയെന്ന് പറയാനാവില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മദ്യം കൊടുത്തിരുന്നുവെന്നാണ് ജീവനക്കാരന് പറഞ്ഞത്. ഇക്കാര്യം മറ്റു ജീവനക്കാര്‍ ബീവ്കോ എംഡിക്ക് നല്കിയ പരാതിയിലും സൂചിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ആര്‍ക്കാണ് നല്‍കിയതെന്ന് പറഞ്ഞിട്ടില്ല. ഇതേകുറിച്ച് ഇയാളില്‍ നിന്ന് ചോദിച്ചറിയേണ്ടതുണ്ട്. ബിവറേജസിന്റെ അന്വേഷണം കഴിഞ്ഞശേഷം ആവശ്യമെങ്കില്‍ എക്സൈസും ഇക്കാര്യം പരിശോധിക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കടത്തിയത് ലക്ഷങ്ങളുടെ മദ്യം
3.64 ലക്ഷം രൂപയുടെ മദ്യം കടത്തിയെന്നാണ് ജീവനക്കാരനെതിരേയുള്ള പരാതി. അരയിടത്ത്പാലത്തിന് സമീപത്തുള്ള ബിവറേജസ് ഔട്ട്ലെറ്റില് നിന്നാണ് മദ്യം പുറത്തുകൊണ്ടുപോയി വിറ്റത്. ഈ വില്പന കേന്ദ്രം കഴിഞ്ഞമാസമാണ് തണ്ണീര്‍പന്തലിലേക്ക് മാറ്റിയത്.
ഔട്ട്ലെറ്റ് മാറ്റത്തിന്റെ ചുമതലയുള്ള ജീവനക്കാരനെതിരേയാണ് ആരോപണമുയര്‍ന്നത്. ഔട്ട്ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇയാള്‍ ഇടക്കിടെ അരയിടത്ത്പാലത്തെ ഔട്ട്ലെറ്റില് എത്താറുണ്ടായിരുന്നു.
ഈ സമയം മദ്യം എടുത്ത് കാറില്‍ കയറ്റി പുറത്തുകൊണ്ടുപോയി വില്‍പ്പന നടത്തിയെന്നാണ് പരാതി. മേയ് 28 നാണ് തണ്ണീര്‍പന്തലില്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്.
ലോക്ക്ഡൗണ്‍ കാലത്ത് വിറ്റ മദ്യം കണക്കില്‍ ഉള്‍പ്പെടുത്താനായി ഇയാള്‍ കൃത്രിമ ബില്ലുകള്‍ തയാറാക്കിയെന്നാണ് പരാതി. അന്നെടുത്ത മദ്യം പുതിയ ഔട്ട്ലെറ്റില് നിന്ന് വിറ്റുവെന്ന രൂപത്തിലാണ് ബില്ലുകള്‍ തയാറാക്കിയത്.
എന്നാല്‍ നേരത്തെ അരയിടത്ത്പാലത്തുണ്ടായിരുന്ന പല ബ്രാന്‍ഡുകളും പുതിയ ഔട്ട്ലെറ്റില് സ്റ്റോക്കുണ്ടായിരുന്നില്ല. സ്റ്റോക്കില്ലാത്ത മദ്യത്തിന് ബില്‍ അടിച്ചത് ശ്രദ്ധയില്‍പ്പെട്ട മറ്റു ജീവനക്കാരാണ് ബെവ്കോ എംഡിക്ക് പരാതി നല്‍കിയത്.