ട്യൂണിസ്: കോവിഡ് ബാധ ആശങ്കയേറ്റി പടരുന്നതിനിടെ രാജ്യത്തെ ലോക്ക്ഡൗണ്‍ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാൻ വ്യത്യസ്ത മാർഗവുമായി ടുണീഷ്യ. പരിശോധനകൾക്കായി പോലീസ് റോബോട്ടിനെയാണ് ടുണീഷ്യ തയാറാക്കിയിരുന്നത്. റിമോട്ട് കണ്ട്രോൾ സിസ്റ്റത്തിലൂടെയാണ് റോബോട്ട് പ്രവർത്തിക്കുക.
ആരെങ്കിലും നിരത്തിലിറങ്ങി നടക്കുന്നത് കണ്ടാൽ റോബോട്ട് അവരെ സമീപിച്ച് എന്തിനാണ് പുറത്തിറങ്ങിയത് എന്ന് ആരായും. ആ സമയത്ത് പുറത്തിറങ്ങിയത് ആരായാലും അവർ ഐഡന്റിറ്റി കാർഡും മറ്റ് രേഖകളും റോബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന കാമറയിലേക്ക് കാണിക്കണം. കണ്ട്രോൾ റൂമിൽ ഇരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നൽകും.
ഒന്നിലേറെ റോബോട്ടുകളെ നിർമിച്ചിട്ടുണ്ടെന്നാണ് വിവരം. പി ഗാർഡ് എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ നിർമാതാക്കൾ ഇനോവ റോബോട്ടിക്സ് ആണ്. തെർമൽ ഇമേജിംഗ് കാമറയും ലിഡാർ സംംവിധാനവുമാണ് പി ഗാർഡ് റോബോട്ടിന്റെ പ്രത്യേകതയെന്നു പറഞ്ഞ കന്പനി അധികൃതർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കൂട്ടിച്ചേർത്തു.
ടുണീഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് റോബോട്ടിന്റെ പ്രവർത്തനങ്ങളുടെ വീഡിയോ ഫോസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.