‘ചാത്തന്നൂർ: ലോക്കോ പൈലറ്റുമാർ ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് മുമ്പോ ഡ്യൂട്ടിസമയത്തോ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കരുതെന്ന് റെയിൽവേ. ചിലതരം പ്ലാന്റേഷൻ പഴങ്ങൾ, ചുമയെ പ്രതിരോധിക്കുന്ന കഫ് സിറപ്പുകൾ, സോഫ്റ്റ് ഡ്രിംഗ്സ്, മൗത്ത് വാഷ് എന്നിവയും കഴിക്കരുത്.
ക്രൂ ലോബിയിലെ സിഎംഎസ് കിയോസ്കിൽ സൈൻ ഓൺ ചെയ്യുകയും സൈൻ ഓഫ് ചെയ്യുകയും ചെയ്യുമ്പോൾ ബ്രീത്ത് അനലൈസർ പുറന്തള്ളുന്ന വായുവിൽ ആൽക്കഹോൾ സാന്നിധ്യം വർധിച്ചുവരികയാണ് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ഇത്തരം സന്ദർഭങ്ങളിൽ എടുത്ത രക്തസാമ്പിൾ വിശകലനം ചെയ്തപ്പോൾ, മിക്കവാറും എല്ലാ രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തി. പക്ഷേ, പുറന്തള്ളുന്ന വായുവിൽ മദ്യത്തിന്റെ സാന്നിധ്യം മൂലം ഉണ്ടാകുന്ന അസ്വസ്ഥത വളരെ കൂടുതലാണ്, ഇത് ക്രൂ ലിങ്കുകളുടെ സുഗമമായ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുന്നു.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ അത്തരത്തിലുള്ള ഏതെങ്കിലും ഇനങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സൈൻ ഓൺ, സൈൻ ഓഫ് പ്രക്രിയ നടത്തുന്നതിന് മുമ്പ് ഡ്യൂട്ടിയിലുള്ള സിആർസിയെ അതിൻ്റെ ന്യായീകരണത്തോടെ രേഖാമൂലം അറിയിക്കേണ്ടതാണ്.
ഡ്യൂട്ടിയിലുള്ള സിആർസി ഉടൻ തന്നെ സിസിആർസി, എഡിഇഇ എന്നിവരെ അറിയിക്കണം. ആൽക്കഹോൾ അടങ്ങിയ മരുന്നുകളുടെ ഉപയോഗം റെയിൽവേ മെഡിക്കൽ ഓഫീസറുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഉപയോഗിക്കാവൂ.
ഒഴിവാക്കാനാകാത്ത കാരണങ്ങളില്ലാതെ ബിഎ ടെസ്റ്റിൽ മദ്യം കണ്ടെത്തുന്നത് ട്രെയിൻ ഗതാഗതം തടസപ്പെടുത്താൻ ക്രൂ നടത്തുന്ന മനഃപൂർവമായ ശ്രമമായി കണക്കാക്കുകയും അവർക്കെതിരെ ഉചിതമായ നടപടി എടുക്കുകയും ചെയ്യുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മുന്നറിയിപ്പ് നല്കുന്നു. ഈ ഉത്തരവിൽ ലോക്കോ പൈലറ്റുമാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
പ്രത്യേകിച്ചും ഈ ചൂടുകാലത്ത് വെള്ളവും പഴങ്ങളുമാണ് ആശ്രയം. ഹോമിയോ മരുന്നുകളും കഫ്സിറപ്പുകളും പലരും ഉപയോഗിക്കുന്നുണ്ട് .മരുന്നുകൾ ഒഴിവാക്കണമെന്ന നിർദേശം സാധുകരണമില്ലാത്തതാണെന്നും ലോക്കോ പൈലറ്റുമാർ പറഞ്ഞു.
- പ്രദീപ് ചാത്തന്നൂർ