കായംകുളം: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന രണ്ടുപേരുടെ ജീവൻ രക്ഷിച്ച ലോക്കോ പൈലറ്റിന് അഭിനന്ദന പ്രവാഹം. മുബൈ സ്വദേശികളായ ആനന്ദ് ഷിൻഡേ, അരുൺകുമാർ എന്നിവരെയാണ് ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അൻവർ ഹുസൈന്റെ സമയോചിത ഇടപെടലിൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.
ഷാലിമാർ എക്സ്പ്രസിനു മുന്നിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ സംഭവം വിവരിക്കുന്പോൾ ഭീതിയും അദ്ഭുതവും അൻവർ ഹുസൈന്റെ വാക്കുകളിലുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് പെരിയാറിന് കുറുകെയുള്ള പാലങ്ങൾ പിന്നിട്ടപ്പോഴാണ് ട്രാക്കിൽ രണ്ടുപേരെ കണ്ടത്. ട്രാക്കിൽ ഒരാൾ കിടക്കുകയും ഒരാൾ നിൽക്കുകയുമായിരുന്നു. കിടക്കുന്ന ആളെ എഴുന്നേൽപ്പിക്കാൻ മറ്റേ ആൾ ശ്രമിക്കുന്നുണ്ടായിരുന്നു.
ലോക്കോ പൈലറ്റ് ഉടൻ തന്നെ എമർജൻസി ബ്രേക്കിട്ടെങ്കിലും അടിയിൽ അവർ ജീവനോടെയുണ്ടെന്ന് ഉറപ്പില്ലായിരുന്നു. ഒടുവിൽ മരണം വഴി മാറി. അവർ ജീവിതത്തിലേക്കു തിരികെ കയറി. ട്രയിൻ ഹോൺ അടിച്ചപ്പോൾ അവർ എഴുന്നേൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വീണുപോയി. ട്രെയിൻ എത്തും മുമ്പേ അവർക്കു പാളം കടക്കാൻ കഴിയില്ലെന്നു ബോധ്യമായി. അങ്ങനെയാണ് എമർജൻസി ബ്രേക്കിട്ടതെന്ന് അൻവർ ഹുസൈൻ പറയുന്നു.
കായംകുളം ഐക്യ ജംഗ്ഷൻ സ്വദേശിയായ അൻവർ ആലപ്പുഴ സിവിൽ സ്റ്റേഷൻ വാർഡിലാണ് വർഷങ്ങളായി താമസിക്കുന്നത്. ഭാര്യ ഹസീന അമാൻ ആലപ്പുഴ മുഹമ്മദിയ എച്ച് എസ് എസ് അധ്യാപികയാണ്. മകൾ അസിം ബിഎഡ് വിദ്യാർഥിനി.