സ്വന്തം ലേഖകന്‍
കോഴിക്കോട്: കുതിച്ചു പായുന്ന തീവണ്ടിയ്ക്കൊപ്പം കിതച്ചു പായേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാര്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ലോക്കോ പൈലറ്റുമാരുടെ നിയമനം വെട്ടിച്ചുരുക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ഈ ഒഴിവുകളിലേക്ക് ആവശ്യത്തിന് നിയമനങ്ങള്‍ നടത്താന്‍ റെയില്‍വേ നടപടി സ്വീകരിച്ചിട്ടില്ല.
പാലക്കാട് ഡിവിഷനില്‍ 68 ,തിരുവനന്തപുരം ഡിവിഷനില്‍ 61 എന്നിങ്ങനെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. പകരം ആളില്ലാത്തതു കാരണം ലീവ് എടുക്കാന്‍ കഴിയാത്ത് അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
വാരന്ത്യത്തിലും മറ്റ് അത്യാവശ്യങ്ങള്‍ക്കും ലീവ് എടുക്കുന്നതിന് ലീവ് റിസര്‍വ് പോസ്റ്റുകള്‍ കണക്കാക്കിയാണ് റെയില്‍വേ ലോക്കോപൈലറ്റുമാരെ നിയമിക്കുന്നത്.
എന്നാല്‍ നിയമനങ്ങള്‍ വെട്ടിക്കുറച്ചതോടെ ലീവ് റിസര്‍വ് പോസ്റ്റുകള്‍ ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാനും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളില്‍ 20 ശതമാനത്തോളം ട്രെയിനുകള്‍ ഇനി സര്‍വിസ് പുനരാരംഭിക്കാനുണ്ട്. ഇവ പുനരാരഭിക്കണെങ്കില് കൂടുതല്‍ ലേക്കോ പൈലറ്റുമാരെ നിയമിക്കേണ്ടി വരും.
ഇതു കാരണം പാലക്കാട് ഡിവിഷനുകളിലെ ജീവനക്കാര്‍ ആവശ്യത്തിന് ലീവ് പോലും എടുക്കാനാകാതെ ദുരിതം അനുഭവിക്കുകയാണ്.
ലീവെടുക്കാനാവാതെ ജോലി ചെയ്യുന്നത് തങ്ങളുടെ ജോലിയെയും യാത്രക്കാരുടെ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്ന് ലോക്കോപൈലറ്റുമാര്‍ തന്നെ വ്യക്തമാക്കുന്നു.
ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്നുള്ള ലോക്കോപൈലറ്റുമാര്ക്ക് ലീവെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും ജീവനക്കാര്‍ പറയുന്നു.
നിലവില്‍ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ പരിഹരിക്കാന്‍ ഗുഡ്സ് ട്രെയിനുകളിലേ ലോക്കോപൈലറ്റുമാരെ പാസഞ്ചര്‍ ട്രെയിനുകളിലേക്ക് സര്‍വിസിന് വിനിയോഗിച്ചിരുക്കുകയാണ്.
ഇത് ഗുഡ്സ് ട്രെയിനുകളിലേ ലോക്കൊപൈലറ്റുമാര്ക്ക് അധിക ജോലി ഭാരമാവുകയാണ്.ഒഴിവുകള്‍ സമയബന്ധിതമായി നികത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവിഷനിലെ ലോക്കോപൈലറ്റുമാര്‍ ജനുവരി 15ന് ഡിമാന്‍ഡ് ഡേ ആചരിക്കാനുള്ള ഒരുക്കത്തിലാണ്.