കൊല്ലം: ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം.പുതുതായി നിർമിക്കുന്ന എല്ലാ എൻജിനുകളിലും ടോയ്ലറ്റുകൾ ഘടിപ്പിക്കും. വിമാനങ്ങളിലെ മാതൃകയിൽ വെള്ളം ഇല്ലാത്ത ടോയ്ലറ്റുകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 2018 മുതൽ 883 എൻജിനുകളിൽ സാധ്യമായ ഇടങ്ങളിൽ വെള്ളമില്ലാത്ത ടോയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല 7075 എൻജിനുകളിൽ എസി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ എൻജിനുകളിൽ എല്ലാത്തിലും (ലോക്കോമോട്ടീവുകൾ) ടോയ്ലറ്റുകൾ ഘടിപ്പിക്കും. പഴയ എൻജിനുകൾ പുതുക്കി പണിയുമ്പോഴും ഇനി മുതൽ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. ഇതിനായി പഴയ എൻജിനുകളിൽ ഡിസൈൻ പരിഷ്കരണവും നടത്തിവരികയാണ്. ട്രെയിനുകൾ ഓടുമ്പോൾ ടോയ്ലറ്റ് ബ്രേക്ക് വേണമെന്ന് ലോക്കോ പൈലറ്റുമാർ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇത് പ്രായോഗികമല്ലെന്ന് റെയിൽവേ ബോർഡ് അടുത്തിടെ അസന്നിഗ്ധമായി വ്യക്തമാക്കുകയുമുണ്ടായി. എന്നിരുന്നാലും എൻജിനുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും റെയിൽവേ മന്ത്രാലയം ലോക്കോ പൈലറ്റുമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ