കൊച്ചി: ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകളില്‍ യഥാസമയത്ത് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവിലുളളവരുടെ ജോലി ഭാരം ഇരട്ടിയാകുന്നതായി ആക്ഷേപം. 2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 16,373 ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ രാജ്യത്തുള്ളത്. 1,28,793 ലോക്കോ പൈലറ്റുമാര്‍ വേണ്ടിടത്ത് 1,12,420 ലോക്കോ പൈലറ്റുമാര്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് കഴിഞ്ഞ ദിവസം 5,696 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 60 വനിതകള്‍ ഉള്‍പ്പെടെ 1291 ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 718 പേരും പാലക്കാട് 573 പേരും 1291 പേർ ജോലി ചെയ്യേണ്ട ഇടത്ത് ഇപ്പോൾ 1118 പേർ മാത്രമേ ജോലി ചെയ്യുവാനുള്ളൂ. ഗുഡ്സ്, പാസഞ്ചര്‍, എക്സ്പ്രസ്, യാഡുകളില്‍ ഷണ്ടിംഗ് ജോലി ചെയ്യുന്ന ലോക്കോ പൈലറ്റ് ഷണ്ടിംഗ് വിഭാഗങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.
യാത്രക്കാരുടെയും ട്രെയിനുകളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും ജീവനക്കാരുടെ എണ്ണത്തില്‍ ഇതുവരെ വര്‍ധനയുണ്ടായിട്ടില്ല. ഇക്കാര്യം പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്.
ജീവനക്കാരുടെ അഭാവം മൂലം 12 മുതല്‍ 20 മണിക്കൂറുകള്‍ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിലെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നതും അപകടങ്ങളുണ്ടാകുന്നതും തുടർക്കഥയായിരിക്കുകയാണ്. ഇത് ട്രെയിന്‍ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. വിശ്രമം കുറയുന്നതും മാനസിക പിരിമുറുക്കവും നിമിത്തം നിരവധി ലോക്കോപൈലറ്റുമാർ സ്വയം വിരമിക്കുവാൻ തീരുമാനമെടുക്കുന്ന സാഹചര്യത്തിൽ സ്വയം വിരമിക്കുവാൻ അനുമതി കൊടുക്കാതെ റെയിൽവേ ജീവനക്കാരെ അടിച്ചമർത്തുകയാണ്.
റെയില്‍വ ഹൈ പവര്‍ കമ്മിറ്റിയുടെ നിര്‍ദേശം പ്രകാരം യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ക്ക് 40 മണിക്കൂര്‍ പ്രതിവാര വിശ്രമം നൽകണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് രാജ്യത്ത് എവിടെയും നടപ്പാക്കിയിട്ടില്ലെന്ന ആക്ഷേപം ഉയരുകയാണ്. 40 വര്‍ഷം മുമ്പ് 18 ലക്ഷം ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് പത്തു ലക്ഷമായി ചുരുങ്ങി. സാങ്കേതിക രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു ജീവനക്കാരുടെ എണ്ണം കുറച്ചത്. എന്നാൽ റെയിൽവേയിലെ സുരക്ഷിതത്വം അട്ടിമറിക്കുന്ന വിധത്തിലുള്ള പല സാങ്കേതിക മാറ്റങ്ങൾ വന്നത് വഴി ജീവനക്കാർക്ക് മുമ്പെങ്ങുമില്ലാത്ത ജോലിഭാരമാണുണ്ടായിട്ടുള്ളത്.
ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായതന്നെ മാറ്റിയ വന്ദേഭാരതില്‍ തിരുവനന്തപുരം- കാസര്‍ഗോഡ് സര്‍വീസില്‍ രണ്ടു ലോക്കോ പൈലറ്റുമാരാണുള്ളത്. ഇത് ഒന്നാക്കാനുള്ള ശ്രമം നടക്കുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അമിത ജോലി ഭാരം മൂലം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ള അവസരം പോലും ഇല്ലാതാകുന്നതായി ലോക്കോ പൈലറ്റുമാര്‍ പറയുന്നു.ലോക്കോ പൈലറ്റുമാരുടെ ജോലി സമയം 10 മണിക്കൂറാക്കി ക്രമീകരിക്കുക, തുടര്‍ച്ചയായി നാലും അഞ്ചു ദിവസമുള്ള രാത്രിയിലുള്ള ഡ്യൂട്ടികളുടെ എണ്ണം രണ്ടാക്കി കുറയ്ക്കുക. ആഴ്ചയില്‍ 40 മണിക്കൂര്‍ വിശ്രമം അനുവദിക്കുക, 48 മണിക്കൂറിനുള്ളിൽ തിരിച്ച് ഹെഡ്ക്വാർട്ടറിൽ സൈൻ ഓഫ് ചെയ്യാനുള്ള വിധത്തിൽ ട്രെയിൻ വർക്കിങ്ങ് ക്രമീകരിക്കുക എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോക്കോ പൈലറ്റ്- അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാര്‍ സമരം ആരംഭിച്ചിട്ടുണ്ട്.
ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും ഒരു തീവണ്ടിപോലും ഓടാതിരുന്നിട്ടില്ലെന്ന് ഓള് ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന് (എഐഎല്ആഎസ് എ) സോണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.കെ. ഹരീഷ് പറഞ്ഞു. അധികാരികളുടെ ഭാഗത്തുനിന്ന് വര്‍ഷങ്ങളായുള്ള അവഗണന മൂലമാണ് സമരനടപടികളിലേക്ക് കടന്നതെന്ന് അദ്ദേഹം പറഞ്ഞു.
സീമ മോഹന്‍ലാല്‍