കോഴിക്കോട്: ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് ജൂണ്‍ ഒന്നു മുതല്‍ സ്വയം നടപ്പാക്കാന്‍ ലോക്കോ പൈലറ്റുമാരുടെ തീരുമാനം. റെയില്‍വേ ബോര്‍ഡ് ഉത്തരവ് റെയില്‍വേ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഓഫെടുത്ത് പ്രതിഷേധസമരത്തിന് ഇന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ തുടക്കമിട്ടത്.
ഓള് ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം. ലോക്കോ പൈലറ്റുമാരുടെ ജോലി സമയം കുറയ്ക്കണമെന്നു വിവിധ കമ്മിറ്റികള്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല.
1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് 10 മണിക്കൂര്‍ ജോലി.
ഇത് 50 വര്‍ഷത്തിനുശേഷവും നടപ്പാക്കിയില്ലെന്ന് ലോക്കോപൈലറ്റുമാര്‍ പറയുന്നു. കൂടാതെ തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി കുറയ്ക്കണമെന്നതും വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനു പുറമേ ജീവനക്കാരെ ദ്രോഹിക്കുന്ന പലവിധം ഉത്തരവുകള്‍ ഇറങ്ങുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഗുഡ്സ് ട്രെയിനുകള്‍ക്ക് 12 മുതല്‍ 15 മണിക്കൂര്‍ വരെയാണ് ഡ്യൂട്ടി സമയം. പത്ത് മണിക്കൂര്‍ തുടര്‍ച്ചയായ ഡ്യൂട്ടി കഴിഞ്ഞാല്‍ വിശ്രമിക്കാന്‍ സമയം അനുവദിക്കണമെന്നും നിയമമുണ്ട് എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇവരുടെ ജോലി സമയം. എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് ശേഷമുള്ള 16 മണിക്കൂര്‍ വിശ്രമം കൂടാതെ പ്രതിവാര വിശ്രമസമയം നല്‍കണമെന്നതാണ് സമരക്കാരുടെ ആവശ്യം. റെയില്‍വേ നിയമിച്ച ഉന്നതാധികാര സമിതിയും ഇത് ശിപാര്‍ശ ചെയ്തതാണ്.