പന്തളം: ലോഡ്ജിൽ താമസിച്ചിരുന്നവർ തമ്മിലുണ്ടായ അടിപിടിക്കിടയിൽ പരിക്കേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിനു പിന്നിൽ പാത്രം കാണാതായതിനെച്ചൊല്ലിയുള്ള തർക്കമെന്ന് പോലീസ്. കൊലപാതകത്തെ സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. തടിവ്യാപാരിയായിരുന്ന രാജൻ ഞായറാഴ്ച രാത്രി ഒന്പതോടെ മുറിയിലെത്തുകയും തന്റെ പാത്രങ്ങൾ കാണാതായത് സംബന്ധിച്ച് അടുത്ത മുറിയിലെ താമസക്കാരിയായ ലതയുമായി തർക്കമുണ്ടാവുകയും ചെയ്തു.
വിവരമറിഞ്ഞ് അവിടെയെത്തിയ മരുതുപാണ്ഡ്യനും ദിനേശനും രാജനുമായി മൽപിടിത്തവുമുണ്ടായി. സമീപത്ത് കിടന്ന തടിയും വടികളും ഉപയോഗിച്ച് രാജനെ മർദിച്ചു. മർദനം തുടർന്നിട്ടും ബിന്ദു, മഞ്ജു, ഉമ, ശ്രീലത, വസന്ത എന്നിവർ കണ്ടു നിന്നു. സംഭവമറിഞ്ഞ് അവിടെയെത്തിയ ലോഡ്ജ് ഉടമ ഷൈലജ വിവരം പോലീസിനെ അിറയിക്കാതെ രാജനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
കോട്ടയം മെഡിക്കൽ കോളേജിലെത്തിക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതോടെ പ്രതികളെല്ലാവരും ചേർന്ന് ആംബുലൻസിലും കാറിലുമായി കോട്ടയത്തെത്തി. മെഡിക്കൽ കോളജിൽ രാജനെ എത്തിച്ച ഇവർ അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. മെഡിക്കൽ കോളജിലെ ഡ്യൂട്ടിയുലുണ്ടായിരുന്ന പോലീസ് ഇവരെ തടയുകയും പന്തളം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ ലോഡ്ജ് ഉടമ അടക്കം എട്ട് പേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
പത്തനാപുരം പാതിരിക്കൽ പാടത്തുകാലാപുത്തൻവീട്ടിൽ രാജർ(47) മരിച്ച കേസിലാണ് അറസ്റ്റ്. തിരുനെൽവേലി തെങ്കാശി കാവാലകുറിശിവടക്ക് വീട്ടിൽ മരുതുപാണ്ഡ്യൻ(മുരുകൻ-39), ഭാര്യ ഉമ(39), കുരന്പാല തെക്ക് പാറയ്ക്കൽ ദിനേശ്(മുത്ത്-35), ഭാര്യ വസന്ത(33), മുടിയൂർക്കോണം മഞ്ജുഭവനിൽ ശ്രീലത(26), മങ്ങാരം പുല്ലാംവിളയിൽ വീട്ടിൽ ബിന്ദു(28), രാജൻ ക്വാർട്ടേഴ്സ് ഉടമ മങ്ങാരം പുല്ലാംവിളയിൽ വീട്ടിൽ ഷൈലജ രാജൻ(56), പാരമൽ കോട്ടേജിൽ മഞ്ജു(35) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ അടൂർ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട പോലീസ് ചീഫിന്റെ നിർദേശ പ്രകാരം ഡിവൈഎസ്പി എസ്.റഫീഖ്, സിഐ ആർ.സുരേഷ്, എസ്ഐ എസ്.സനൂജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.