സ്വന്തം ലേഖകന്‍
കോഴിക്കോട്:സംസ്ഥാനത്തു മയക്കുമരുന്നു വില്പനയും പീഡന പരമ്പരകളും അരങ്ങുതകര്‍ക്കുന്നതിനിടെ ശക്തമായ നടപടിക്കു പോലീസ്. അനധികൃതമായി ആളുകളെ താമസിപ്പിക്കുന്ന ലോഡ്ജുകളും ആളൊഴിഞ്ഞ വാടക കെട്ടിടങ്ങളും നിരീക്ഷിക്കാന്‍ പോലീസിനു സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്കി.
മയക്കുമരുന്നില്‍ തുടങ്ങി മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് എത്തുന്ന പ്രവണത സമീപകാലത്തായി വര്‍ധിച്ചുവരുന്നതായി പോലീസ് പറയുന്നു.
ദിവസങ്ങള്‍ക്കു മുന്‍പ് കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെയുള്ള സംഘം പിടിയിലായതു കഞ്ചാവു വാങ്ങാനെത്തിയ ആള് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയായിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. തുടര്‍ന്നുണ്ടായ വ്യക്തി വിരോധമാണ് വന്‍ കഞ്ചാവ് വേട്ടയിലേക്കു പോലീസിനു വഴിയൊരുക്കിയത്.
രജിസ്റ്ററുകൾ സൂക്ഷിക്കാറില്ല!
പ്രമുഖ ആശുപത്രികള്‍ക്കു സമീപത്തെ ലോഡ്ജുകളില്‍ ഉള്‍പ്പെടെ യാതൊരുവിധ രജിസ്റ്ററുകളും സൂക്ഷിക്കാറില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡുപോലും വാങ്ങിക്കാതെയാണ് മുറികൾ നല്‍കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്ക് മറയാകുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോള്‍ കുടുംബസമേതം ലോഡ്ജുകളിലും ഹോട്ടലുകളിലും ആളുകള്‍ താമസിക്കാന്‍ എത്തുന്നത് കുറവാണ്. ഇതും മാഫിയകളുടെ പ്രവര്‍ത്തനത്തിനു സഹായകരമായിട്ടുണ്ട്. ഇതിനെതുടര്‍ന്ന് ലോഡ്ജുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനാണ് തീരുമാനം.
മുറിയെടുക്കുന്നവർ പറയുന്നത്!
താമസിക്കാന്‍ എത്തുന്നവരുടെ ആവശ്യം ഉള്‍പ്പെടെ മനസിലാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തി ഫോണ്‍ നമ്പറും തിരിച്ചറിയല്‍ രേഖയും വാങ്ങിവയ്ക്കണമെന്ന് മുന്‍പ് കര്‍ശനമായി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ ഉള്‍പ്പെടെ രോഗികളുടെ കൂട്ടിരിപ്പുകാരാണെന്നും ഇവിടേക്ക് വന്നതാണെന്നും പറഞ്ഞുകൊണ്ട് നിരവധിപേര്‍ മുറിയെടുക്കുന്നുണ്ട്.
ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ
കോഴിക്കോട് കൊല്ലം സ്വദേശിയെ ക്രൂരബലാല്സംഗത്തിനിരയാക്കിയ ചേവായൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ നടപടികളിലേക്കു പോലീസ് കടക്കുന്നത്.
കോഴിക്കോട് മാത്രം ഒരുമാസത്തിനിടെ ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് ആറു വലിയ പീഡന കേസുകളാണ് പുറത്തുവന്നത്.
ഇന്നലെ സംസ്ഥാനത്തെ ലോഡ്ജുകൾ, ഷോപ്പിംഗ് മാളുകൾ, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെയായിരുന്നു പരിശോധന.