മുംബൈ: ലോധ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്ന കാര്യത്തിൽ ബിസിസിഐയിൽ ഭിന്നതെയെന്നു സൂചന. മുംബൈയിലെ ഒരു ഹോട്ടലിൽ നടന്ന അനൗദ്യോഗിക മീറ്റിംഗിൽ 11 സംസ്ഥാന അസോസിയേഷനുകളെ പ്രതിനിധീകരിച്ച് അംഗങ്ങൾ പങ്കെടുത്തു.
ഈ യോഗത്തിൽ ലോധ കമ്മീഷന് റിപ്പോർട്ടിലെ ഏതാനും നിർദേശങ്ങൾ അംഗീകരിക്കണമെന്ന വാദമുയർന്നത്. മുൻ പ്രസിഡന്റായിരുന്ന എൻ. ശ്രീനിവാസനെയും മുതിർന്ന അംഗം നിരഞ്ജൻ ഷായെയും ലോധ കമ്മീഷൻ അയോഗ്യരാക്കിയിരുന്നു. മീറ്റിംഗിൽ നിലവിലെ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗധരി അധ്യക്ഷനായിരുന്നു. എന്നാൽ, ട്രഷറർ അനിരുദ്ധ് ചൗധരിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.
സുപ്രീംകോടതിയോടും കമ്മീഷനോടും എതിർത്ത് മുന്നോട്ടു പോകുന്നത് ബിസിസിഐക്ക് ഗുണം ചെയ്യില്ലെന്ന വികാരം ചില ബോർഡ് അംഗങ്ങൾക്കുണ്ട്. ഇതാണ് യോജിക്കാവുന്ന നിർദേശങ്ങൾ അംഗീകരിക്കാൻ തയാറാണെന്ന നിലയിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചതെന്നാണ് സൂചന.
70 വയസിന് മുകളില്‍ പ്രായമായവര്‍, മന്ത്രിമാര്‍, സര്ക്കാ!ര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ബിസിസിഐ ഭാരവാഹിയാകാന്‍ പാടില്ലെന്ന നിർദേശവും ഒന്‍പതു വർഷത്തിൽ കൂടുതൽ ഔദ്യോഗിക പദവികൾ ഒരാൾ വഹിക്കാൻ പാടില്ലെന്ന നിർദേശവും അംഗീകരിക്കാൻ തയാറാണെന്നു പറഞ്ഞസംഘം ഒരു സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ ക്രിക്കറ്റ് അസോസിയേഷന് ഉണ്ടെങ്കില്‍ അതില്‍ ഒരു അസോസിയേഷന്റെ വോട്ട് മാത്രമെ ബിസിസിഐ പരിഗണിക്കാവു എന്ന നിർദേശവും ഐപിഎലിനും ബിസിസിഐക്കും പ്രത്യേക ഗവേണിംഗ് ബോഡി വേണമെന്ന നിർദേശ ഒട്ടും പ്രായോഗികമല്ലെന്നും യോഗത്തിൽ വിലയിരുത്തി.
എന്നാൽ, യോഗത്തിലേക്കു ക്ഷണം ലഭിക്കാത്ത ഒരംഗം പറഞ്ഞത് ഭിന്നാഭിപ്രായങ്ങൾ ബിസിസിഐക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നാണ്. യോഗത്തിൽ പങ്കെടുത്ത 11 സംസ്ഥാന അസോസിയേഷനുകളിൽ അഞ്ച് അസോസിയേഷനുകൾ മാത്രമാണ് നിലപാടെടുത്തിരിക്കുന്നത്. ബാക്കിയുള്ളവർ എപ്പോൾ വേണമെങ്കിലും നിലപാടു മാറ്റുന്നവരാണെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അംഗം മാധ്യമങ്ങളോടു പറഞ്ഞു.