രാജാക്കാട്: ഗ്രാമീണ ടൂറിസത്തെ പരിപോഷിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തുന്പോൾ കരാർ കാലാവധികഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട് അനിശ്ചിതത്വത്തിലായ കള്ളിമാലി വ്യൂ പോയുന്റ്് ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ നടപടി ഉണ്ടാകുന്നില്ല.
കരാർ കാലാവധി കഴിഞ്ഞ് പദ്ധതി മുടങ്ങി വർഷങ്ങൾ പിന്നിടുന്പോഴും നിർമാണചുമതല ഉണ്ടായിരുന്ന കന്പനിക്ക് അഡ്വാൻസ് നൽകിയ ലക്ഷങ്ങൾ തിരികെ വാങ്ങാനും നടപടിയുണ്ടായിട്ടില്ല.
സ്വദേശ, വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി 2012-ലാണ് 1.18 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിക്ക് തുടക്കംകുറിച്ചത്.
ഇതിൽ ആദ്യഘട്ട പദ്ധതിക്ക് അനുവദിച്ച 50 ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ഡിടിപിസിക്ക് ലഭിക്കുകയും തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സിഡ്കോയെ നിർമാണ ചുമതല ഏൽപിക്കുകയും ചെയ്തു.
അവർ പന്ത്രണ്ടര ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയതായും പറയുന്നു. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനിൽകുമാർ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തതാണ്.
പിന്നീട് തുടർപ്രവർത്തനങ്ങൾ ഒന്നും ഉണ്ടായില്ല. കള്ളിമാലി വ്യൂപോയിന്റ് പദ്ധതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.