ദിലീപ്-മഞ്ജുവാര്യര്‍ ജോഡികള്‍ തകര്‍ത്തഭിനയിച്ച സല്ലാപം സിനിമയിലെ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നുവെന്നും പിന്നീടാണ് ആ വേഷം മഞ്ജുവാര്യരിലേക്കെത്തിയതെന്നും ലോഹിതദാസിന്റെ ഭാര്യ സിന്ദു. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘നടിയുടെ രംഗപ്രവേശം ആണ് അവരുടെ ഭാവി തീരുമാനിക്കുന്നത്. സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാര്‍(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഞ്ജു എന്നും ബഹുമാനുമുള്ള കുട്ടിയായിരുന്നു. നടിയെ നമ്മള് ആദരിക്കുന്നത് അവരുടെ പെരുമാറ്റവും സ്വഭാവവും കാണുമ്പോഴാണ്. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം.സിന്ധു പറഞ്ഞു.
‘മമ്മൂട്ടിയെ നായകനാക്കി തനിയാവര്‍ത്തനം ചെയ്തുകഴിഞ്ഞ ശേഷം അദ്ദേഹത്തിന് പനി വരുമ്പോള്‍ പിച്ചുംപേയും പറയുമായിരുന്നു. ‘ബാലേട്ടന് (മമ്മൂട്ടിയുടെ കഥാപാത്രം) പാവമായിരുന്നു, പതിനായിരം രൂപക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയും. കുറച്ച് കാലം ഞാനും വല്ലാത്ത അവസ്ഥയില്‍ ആയിപ്പോയിരുന്നു’. ‘മലയാളസിനിമയില്‍ കുറച്ച് ആളുകളുമായി ലോഹിതദാസിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം അവരെല്ലാം ഇവിടെയുള്ള കാര്യങ്ങള്‍ തിരക്കാറുണ്ട്. ഒറ്റയ്ക്ക് നില്ക്കുമ്പോള് വേരിന് ശക്തിയുണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. താങ്ങാന്‍ ആളുണ്ടാകുമ്പോള്‍ ശക്തി ക്ഷയിക്കുകയാണ് ചെയ്യുക. എന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഏകാന്തതയാണ്. സാറിന്റെ അവസാന പത്തുദിവസം എന്റെ കൂടെയായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് അവസാനം കണ്ട സിനിമ വെങ്കലം ആണ്.’
‘മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല.”തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതും കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചതുമെല്ലാം അങ്ങനെയാണ്. ലോഹിതദാസ് എന്നും പ്രേക്ഷകനുവേണ്ടായാണ് നിലകൊണ്ടത്. ആരില്‍ നിന്നും ഒന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നും സിന്ധു പറഞ്ഞു.