ഒറ്റപ്പാലം: അമരാവതി വീണ്ടും വിതുന്പി. ലോഹിയുടെ വിയോഗത്തിന് ഒരു വ്യാഴവട്ടം തികഞ്ഞു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമവാർഷികമായിരുന്നു ഇന്നലെ.
മരിക്കാത്ത ഓർമകളുടെ മഹാപ്രവാഹം. പ്രിയ കഥാകാരന്റെ സ്മരണക്ക് മുന്പിൽ പ്രകൃതിയും കണ്ണീർ തൂകി. പെയ്യാൻ വെന്പി നിന്ന കാർമേഘങ്ങൾ ചാറ്റൽ മഴയായി കണ്ണീർ പൊഴിച്ചു.
അമരാവതി വീട്ടിലേക്ക് എല്ലാ വർഷവുമെത്താറുള്ള ലോഹിയുടെ പ്രിയപ്പെട്ടവർ കോവിഡ്കാലത്ത് മനസുകൊണ്ട് ഒപ്പം ചേർന്നു.
അമരാവതിയിൽ ലോഹിതദാസെിന്റ ഭാര്യ സിന്ധു ലോഹിതദാസും മക്കളായ വിജയശങ്കർ, ഹരികൃഷ്ണൻ ഭാര്യ വിദ്യയും വിരലിലെണ്ണാവുന്ന സാഹിത്യ പ്രേമികളും ഒന്നുചേർന്ന് ഛായാചിത്രത്തിലും സമാധിസ്ഥാനിലും പുഷ്പാർച്ചന നടത്തി.
അമരാവതിയിൽ കഴിഞ്ഞവർഷംവരെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് ലോഹിയുടെ സ്മരണ പുതുക്കാനെത്തിയിരുന്നത്.
ഓർമദിനത്തിൽ അമരാവതിയുടെ പടിപ്പുര കടന്നെത്തിയത് സേതു ഇയാലും, ആനന്ദും, തുള്ളൽ കലാകാരനായ വിദൂരൻ രാജേഷുമടക്കമുള്ളവർ മാത്രം. മനുഷ്യനെ ഏറെ സ്നേഹിച്ച ലോഹിയുടെ ആത്മാവിനോടുള്ള ആദരമാണ് അമരാവതിയിൽ വീണ്ടും നടന്നത്.
കഴിഞ്ഞ തവണയും കോവിഡിന്റെ പശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത്തവണ മറ്റ് ചടങ്ങുകൾ പൂർണമായി ഒഴിവാക്കി. വിജയശങ്കർ പറഞ്ഞു.
മരിക്കുന്നതിന് 17 വർഷം മുന്പാണ് ലോഹിതദാസ് ലക്കിടി അകലൂരിൽ വീടുവാങ്ങി താമസമാക്കിയത്. അമരാവതി എന്ന് പേരുമിട്ടു. മറ്റെന്തിനേക്കാളും പ്രിയപ്പെട്ടതായിരുന്നു ലോഹിക്ക് അമരാവതി.
ഭൂതക്കണ്ണാടിയുടെ ചിത്രീകരണത്തിനായി അകലൂരിയെത്തിയപ്പോഴാണ് ലോഹി അമരാവതി കണ്ടതും പിന്നീട് സ്വന്തമാക്കിയതും.