പത്തനാപുരം: പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും നീതി വീട്ടുപടിക്കലെത്തിക്കുന്ന അദാലത്തുകള്‍ നീതിന്യായവ്യവസ്ഥിതിയുടെ പൂര്‍ണപ്രയോജനം ജനങ്ങളില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുവെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം.
ഗാന്ധിഭവനില്‍ ദേശീയ നിയമസേവന അതോറിറ്റി, സംസ്ഥാന നിയമ സേവന അതോറിറ്റി ( കെല്‍സ), പത്തനാപുരം ഗാന്ധിഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മെഗാ അദാലത്തും നിയമബോധനസെമിനാറും ഗുരുവന്ദനദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യവസ്ഥാപിത കോടതി മുറികള്‍ക്ക് പുറത്ത് വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പ് കല്പ്പിക്കപ്പടുമ്പോള്, നീതി അര്‍ഹിക്കുന്നവരുടെ കാല്ക്കീഴില് ലഭ്യമാക്കപ്പെടുകയാണ്. രമ്യമായ തര്ക്കപരിഹാരമാണ് ലോക് അദാലത്തുകളില്‍ നടക്കുന്നത്. ഇരുകക്ഷികളും വാശി വെടിഞ്ഞ് വിട്ടുവീഴ്ചകള്‍ക്ക് തയാറാവുന്നതാണ് അദാലത്തുകളുടെ വിജയം. ജസ്റ്റീസ് സി.കെ അബ്ദുള്‍ റഹീം പറഞ്ഞു.
നിയോഗങ്ങളില്‍ ദൈവം നിശ്ചയിച്ചിരിക്കുന്ന കര്മാണ് സഹജീവി സ്നേഹം. സൃഷ്ടിയുടെ അടിസ്ഥാനപരമായ കര്മംകൂടിയാണിത്. ഞാന്‍ എന്ന വ്യക്തി ആരാണെന്ന് സ്വയം ഉത്തരം തേടുമ്പോഴാണ് സാമൂഹ്യജീവിതത്തിലുള്ള കടപ്പാട് നമുക്ക് മനസിലാവുക. മനുഷ്യനെപ്പോലെതന്നെ മൃഗങ്ങള്‍ക്കും വികാര- വിവേക- വിചാരങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
കൂടുതല്‍ കഴിവും സിദ്ധികളും ദൈവം മനുഷ്യനാണ് നല്‍കിയിട്ടുള്ളത്. പ്രാര്‍ഥനകള്‍ വഴി സര്‍വശക്തനായ സ്രഷ്ടാവിനെ കണ്ടുമുട്ടാനാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ ദൈവത്തെ കാണാന്‍ ദേവലോകത്തേക്ക് പോകേണ്ട. ദൈവസാന്നിധ്യം ഗാന്ധിഭവനില്‍ നേരില്‍ കാണാനാവുമെന്നും ജസ്റ്റിസ് പറഞ്ഞു.
അദാലത്തില്‍ പരിഗണിച്ച 78 ല്‍ 24 കേസുകള്‍ക്ക് ഇരു കക്ഷികളും ഹാജരായി. ഇതില്‍ 12 കേസുകള്‍ തീര്‍പ്പായി. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എ.കെ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജൻ, ജില്ലാ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് ഇ.എം. മുഹമ്മദ് ഇബ്രാഹിം, പുനലൂര്‍ ബാര്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് ജി.സി കണ്ണന്, ബാര്‍ അസോസിയേഷന് സെക്രട്ടറി എ.വി അനില്‍കുമാര്‍, ഡോ. രാജീവ് രാജധാനി, മാത്യുജോര്‍ജ് പുനലൂര്‍, എസ്.രശ്മി, ബീന വിന്‍സെന്റ്, അഡീഷണല്‍ ഡിസ്ട്രിക്ട് മജിട്രേറ്റും ഡെപ്യൂട്ടി കളക്ടറുമായിരുന്ന എച്ച്. സലിംരാജ്, നടന് ടി.പി മാധവന്, പി.എസ് അമല്‍രാജ്, ജി. ഭുവനചന്ദ്രന്, വിജയന് ആമ്പാടി, കെ. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.