അടുത്ത അഞ്ചുവര്‍ഷം രാജ്യം ആരു ഭരിക്കുമെന്നറിയാനുള്ള ജനാധിപത്യ പ്രക്രിയയില്‍ കേരളജനത തങ്ങളുടെ റോള്‍ ഭംഗിയാക്കി നിര്‍വഹിച്ചു. ഇനി ഒരുമാസം കണക്കുകൂട്ടലുകളുടെയും നെഞ്ചിടിപ്പിന്റെയും കാലം. റിക്കാര്‍ഡ് വോട്ടിംഗ് ശതമാനത്തില്‍ സന്തോഷിക്കുമ്പോഴും മൂന്നു മുന്നണികളും നെഞ്ചിടിപ്പിലാണ്.
സാധാരണഗതിയില്‍ കേരളത്തിന് ഒരു പൊതുട്രെന്‍ഡുണ്ട്. വോട്ടിംഗ് ശതമാനം കുറയുമ്പോള്‍ എല്‍ഡിഎഫിന് കൂടുതല്‍ വിജയസാധ്യതയാണ് മുന്‍കാലങ്ങളില്‍ കണ്ടുവരുന്നത്. തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാനുള്ള സിപിഎമ്മിന്റെ കഴിവുതന്നെ ഇതിനു കാരണം. എന്നാല്‍ ഇത്തവണ പോളിംഗ് ശതമാനം വന്‍തോതില്‍ വര്‍ധിച്ചത് എല്‍ഡിഎഫിനെ അലട്ടുന്നുണ്ട്. ഇതിനു പല കാരണങ്ങളുണ്ട്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമാണ് അതിലൊന്ന്.
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയായത് പതിവായി വോട്ടു ചെയ്യാതിരുന്ന, പ്രത്യേക രാഷ്ട്രീയ ആഭിമുഖ്യമില്ലാത്തവരെ പോളിംഗ് സ്റ്റേഷനിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്. ഈ വോട്ടുകള്‍ എല്‍ഡിഎഫ് വിരുദ്ധചേരിയിലേക്കാണ് കൂടുതല്‍ പോകുക. അതുകൊണ്ട് തന്നെ കൂടിയ പോളിംഗ് ശരാശരി എല്‍ഡിഎഫ് നേതൃത്വത്തെ കൂടുതല്‍ ഭയചകിതരാക്കുന്നു.
പത്തനംത്തിട്ട സസ്പെന്‍സ്
ശബരിമല പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ പത്തനംത്തിട്ടയില്‍ ഇത്തവണ റിക്കാര്‍ഡ് പോളിംഗാണ് നടന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഇവിടെ ആരു വാഴും ആരൊക്കെ കരയുമെന്ന് മുന്നണികള്‍ക്കു പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. അത്രയൊന്നും ശക്തരല്ലാതിരുന്ന ബിജെപി കെ. സുരേന്ദ്രനിലൂടെ വലിയ മത്സരം കാഴ്ച്ചവച്ചിരുന്നു. ഇതുതന്നെയാണ് ഇടതുവലതു മുന്നണികള്‍ അസ്വസ്ഥരാക്കുന്നത്.
മിക്ക അഭിപ്രായ സര്‍വേകളും യുഡിഎഫിന്റെ വലിയ കുതിച്ചുചാട്ടമാണ് പ്രവചിക്കുന്നത്. 75 ശതമാനത്തിലധികം പേര് സമ്മതിദാനവകാശം വിനിയോഗിച്ചത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന അവകാശവാദത്തിലാണ് മൂന്നുകൂട്ടരും.