ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നു സൂചന. നൂറ്റമ്പതോളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കുന്നത്. കേരളത്തിൽ തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെയും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചേക്കും. തൂശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി. മുരളീധരനും സ്ഥാനാർഥിയാകുമെന്നാണു സൂചന.
ബിഹാറിൽ മഹാസഖ്യം ഉപേക്ഷിച്ച് എൻഡിഎയിലേക്കു പുതുതായി കടന്നുവന്ന നിതീഷ് കുമാറുമായി ബിജെപി ദേശീയ നേതൃത്വം ഉടൻ സീറ്റ് വിഭജന ചർച്ച നടത്തും. അതേസമയം, നിതീഷ്കുമാർ എൻഡിഎയ്ക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിയായതിനു പിന്നാലെ രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്നലെ ബിഹാറിൽ പ്രവേശിച്ചു. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗ് ഉൾപ്പെടെ നിരവധി നേതാക്കൾ രാഹുലിനെ സ്വീകരിച്ചു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനുശേഷം ഇതാദ്യമായാണ് രാഹുൽ ബിഹാറിലെത്തുന്നത്. സീമാഞ്ചൽ മേഖലയിലുള്ള ഈ പ്രദേശത്ത് മുസ്ലിംകളാണ് ഭൂരിപക്ഷം.
യാത്ര ഇന്നും ബിഹാറിൽ തുടരും. ആർഎസ്എസും ബിജെപിയും അവരുടെ പ്രത്യയശാസ്ത്രപരമായ വിദ്വേഷവും അക്രമവും രാജ്യത്ത് പ്രോത്സാഹിപ്പിക്കുകയാണെന്ന് കിഷൻഗഞ്ചിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽ പറഞ്ഞു.