അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതൽ പേരെ പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങളുമായി ബിജെപി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിനെയാണ് ഇതിനായി പാർട്ടി കൂട്ടുപിടിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.
ചെറുപ്പക്കാർക്കിടയിൽ വൻസ്വാധീനമാണ് ഇൻസ്റ്റഗ്രാം റീലുകൾക്കുള്ളത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ വരെ ഇൻസ്റ്റഗ്രാമിന് സ്വാധീനം ഉണ്ടായത് റീൽസുകൾ വഴിയാണെന്നും മോദി സര്‍ക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് ഇത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.
ഇതിനെ പ്രചാരണത്തിനായി മുതൽകൂട്ടുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ബിജെപി സോഷ്യല്‍മീഡിയ തലവന്‍ സംസ്ഥാന യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരു ദിവസം നീണ്ടുനിന്ന ശില്‍പ്പശാലയിലാണ് ഇക്കാര്യം അറിയിച്ചത്.ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇതുവരെ ബിജെപി നടത്തിയ പ്രകടനം ശില്‍പ്പശാലയില്‍ വിലയിരുത്തി.
ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരും ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു. ബിജെപി എംപിമാര്‍ക്കും അവരുടെ സോഷ്യല്‍മീഡിയ മാനേജര്‍മാര്‍ക്കുമുള്ള വര്‍ക്ക്ഷോപ്പും ഉണ്ട്.
അതേസമയം സോഷ്യല്‍മീഡിയയിലൂടെ ശക്തമായ പ്രചാരണം നടത്തുന്പോൾ ഭാഷയിലും ഉള്ളടക്കത്തിലും വിധേയത്വം പാലിക്കണമെന്നും നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.