തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സുരക്ഷിതമാക്കാൻ 66,303 പോലീസുകാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കേരള പോലീസിനെ കൂടാതെ കേന്ദ്രസേനയും വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാനുണ്ട്. സംസ്ഥാനത്ത് 25,231 പോളിംഗ് ബൂത്തുകളാണുള്ളത്.
എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പോലീസ് നോഡൽ ഓഫീസർ. ഐജി (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസിസ്റ്റന്റ് നോഡൽ ഓഫീസറാണ്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്.
183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4,540 എസ്ഐ, എഎസ്ഐമാർ, 23,932 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 2,874 ഹോം ഗാർഡുകൾ, 4,383 ആംഡ് പോലീസ് ബറ്റാലിയൻ അംഗങ്ങൾ, 24,327 എസ്പിഒമാർ എന്നിവരാണ് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കന്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) രംഗത്തുണ്ട്.
പ്രശ്ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധിക പോലീസ് സേനയെ വിന്യസിച്ചു. സിഎപിഎഫിൽ നിന്നുള്ള 4,464 പേരും തമിഴ്നാട്ടിൽനിന്ന് 1,500 പോലീസുകാരുമുണ്ട്.