തിരുവനന്തപുരം: കനത്ത ചൂടിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ കേരളത്തിന്റെ വിധിയെഴുത്ത് 70.35 ശതമാനത്തിലേക്കു ചുരുങ്ങി. വോട്ടെടുപ്പിലുണ്ടായ കാലതാമസത്തെ ത്തുടർന്നു പലയിടത്തും മണിക്കൂറുകൾ കാത്തുനിന്നാണു പലർക്കും വോട്ട് ചെയ്യാനായത്. തെരഞ്ഞെടുപ്പു നടപടിക്രമം വൈകിയത് ഉദ്യോഗസ്ഥതല അനാസ്ഥയെ തുടർന്നാണെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി പ്രതിപക്ഷവും രംഗത്ത് എത്തിയതോടെ പുതിയ വിവാദത്തിനും അരങ്ങൊരുങ്ങി.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 70.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമമായ ഒൗദ്യോഗിക കണക്ക് പുറത്തു വരുന്നതോടെ ശതമാനത്തിൽ നേരിയ വ്യത്യാസമുണ്ടാകും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2019ൽ 77.67 ശതമാനമായിരുന്നു സംസ്ഥാനത്ത് പോളിംഗ് രേഖപ്പെടുത്തിയത്.
കണ്ണൂർ മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ്, 75.74 ശതമാനം. തൊട്ടുപിന്നാലെ ആലപ്പുഴ, 74.37 ശതമാനം. കുറവ് പത്തനംതിട്ടയിൽ, 63.35. ജൂണ്‍ നാലിനാണ് വോട്ടെണ്ണൽ. ഇന്നലെ വൈകുന്നേരം ആറുവരെയായിരുന്നു വോട്ടെടുപ്പ് എങ്കിലും പലയിടത്തും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നതിനാൽ ടോക്കണ്‍ നൽകി വോട്ട് ചെയ്യാൻ അവസരം നൽകുകയായിരുന്നു. രാത്രി വൈകിയാണ് പലയിടത്തും വോട്ടെടുപ്പു നടപടികൾ പൂർത്തിയാക്കാനായത്. ഉദ്യോഗസ്ഥതല അനാസ്ഥയ്ക്കൊപ്പം ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്റെ താമസവും ബീപ് ശബ്ദം കേൾക്കാൻ വൈകിയതും വോട്ടിംഗ് വൈകാൻ ഇടയാക്കി. ക്യൂ മടുത്ത് ചിലയിടങ്ങളിൽ വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങിയതായി ആരോപണമുണ്ട്.
വോട്ടെടുപ്പിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, ഒറ്റപ്പെട്ട സംഘർഷാവസ്ഥ പലയിടുത്തുമുണ്ടായി. കള്ളവോട്ടും ഇരട്ടവോട്ടും രേഖപ്പെടുത്താൻ ശ്രമിച്ച നിരവധി സംഭവങ്ങളുണ്ടായി. വോട്ടെടുപ്പുമായി ബന്ധപ്പെട്ടു വിവിധ സ്ഥലങ്ങളിലായി 11 പേർ കുഴഞ്ഞു വീണു മരിച്ചു.
രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലെയും പോളിംഗ് ബൂത്തുകളിൽ കാണാനായത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ 12.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പോളിംഗ് സ്റ്റേഷനുകൾക്കു മുന്നിലെല്ലാം നീണ്ട ക്യൂവായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞു മൂന്നിന് വോട്ടിംഗ് ശതമാനം 50 പിന്നിട്ടു.
സ്വന്തം ലേഖകൻ