കോട്ടയം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തിലുണ്ടായ വന്‍ ഇടിവ് മൂന്നു മുന്നണികളിലും ആശങ്കയും പ്രതീക്ഷയും ഉളവാക്കുന്നു. 75.41 ശതമാനത്തില്‍നിന്നു പത്തു ശതമാനത്തോളമാണ് ഇന്നലെയുണ്ടായ ഇടിവ്.
2019ല്‍ 12 ലക്ഷമായിരുന്നു വോട്ടുകള്‍ ഇപ്പോള്‍ 12.54 ലക്ഷമായി കോട്ടയം ലോക്സഭാസീറ്റില് വര്‍ധിച്ചിട്ടുണ്ട്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇത്തവണ നാലു ലക്ഷത്തോളം പേര് സമ്മതിദാനം വിനിയോഗിച്ചില്ലെന്നതാണ് വസ്തുത. 2019ല്‍ രണ്ടര ലക്ഷം പേരാണു വോട്ടുചെയ്യാതിരുന്നത്. കോട്ടയം ലോക്സഭാ മണ്ഡലപരിധിയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും പോളിംഗ് നിരക്കില്‍ ശരാശരി 10 ശതമാനമാണു കുറവുണ്ടായത്.
10,728 പേരാണു വീട്ടില്‍ വോട്ടുചെയ്തത്. പോളിംഗ് ഡ്യൂട്ടിക്കാരുടെ പോസ്റ്റല്‍ വോട്ടുകൂടി നോക്കിയാലും ജനങ്ങളുടെ വോട്ടുവികാരം മാറിയിരിക്കുന്നു. കനത്ത ചൂടിനെ മാത്രം പഴിപറഞ്ഞിട്ടു കാര്യമില്ല. വോട്ടര്‍മാരില്‍ പ്രവാസികളുടെ ഓരോ വര്‍ഷവും എണ്ണം കൂടിവരികയാണ്. ചെറുപ്പക്കാരുടെ വിദേശകുടിയേറ്റം കോട്ടയത്ത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചുവെന്ന് തീര്‍ച്ച.
പോളിംഗ് ശതമാനം കൂടിയാല്‍ യുഡിഎഫിനു നേട്ടം, കുറഞ്ഞാല്‍ എല്‍ഡിഎഫിനു നേട്ടം എന്നതായിരുന്നു മുന്‍കാലങ്ങളിലെ രാഷ്ട്രീയനിരീക്ഷണം. ലോക്സഭയിലും നിയമസഭയിലും യുഡിഎഫിന് പൊതുവെ മുന്‍തൂക്കം ലഭിക്കുന്ന മണ്ഡലമാണ് കോട്ടയം. എന്നാല്‍ ഇത്തവണത്തെ രാഷ്ട്രീയ നിലപാടുകളും മുന്നണി സംവിധാനവും സമുദായ ധ്രൂവികരണവും പഴയ വോട്ടുഗതിയെ മാറ്റിമറിക്കാനുള്ള സാധ്യത ഏറെയാണ്. ഈഴവ സമുദായ വോട്ടുകളില്‍ ഒരു ഭാഗം എന്‍ഡിഎയില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് അനുകൂലമാകുമെന്നാണു റിപ്പോർട്ട്.
ഈ അധികവോട്ട് ഏതു മുന്നണിക്കാണ് നഷ്ടമുണ്ടാക്കുക എന്നതിലും തര്‍ക്കമുണ്ട്. ബിജെപി അനുഭാവമുള്ള നായര്‍ സമുദായ വോട്ടുകള്‍ എന്‍ഡിഎയില്‍ പൂര്‍ണമായി കേന്ദ്രീകരിക്കില്ലെന്നും വിലയിരുത്തുന്നവരുണ്ട്. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പി.സി. തോമസ് ഒന്നര ലക്ഷം വോട്ടകളാണ് കോട്ടയത്ത് നേടിയത്. തുഷാര്‍ ഇതില്കൂടുതല് നേട്ടമുണ്ടാക്കിയാല്‍ എതിര്‍മുന്നണികളുടെ കണക്കുകൂട്ടല്‍ തെറ്റും.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങളും മുസ് ലിം ലീഗും ജേക്കബും ഉള്‍പ്പെടുന്ന യുഡിഎഫില്‍ തോമസ് ചാഴികാടന്, എല്‍ഡിഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എന്‍. വാസവനെതിരേ നേടിയത് ഒരു ലക്ഷത്തി ഏഴായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ്. വി.എന്‍. വാസവനു ലഭിച്ചത് 3.14 ലക്ഷം വോട്ടുകളാണ്. ഇത്തവണ മാണി വിഭാഗം എല്‍ഡിഎഫിലാണ്. എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച വരാതിരിക്കുകയും മാണി വിഭാഗം അധികമായി എത്രത്തോളം വോട്ട് നല്‍കുകയും ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും തോമസ് ചാഴികാടന്റെ വിജയം.
യുഡിഎഫിലാവട്ടെ കോണ്‍ഗ്രസ് നല്കുന്ന പിന്‍ബലമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായ ഫ്രാന്‍സിസ് ജോര്‍ജിനു പ്രധാനം. മുസ് ലിം ലീഗിനൊപ്പം കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫിലുണ്ട്. പിറവത്ത് അനൂപ് നേടിയ ഇരുപതിനായിരത്തിന്റെ ഭൂരിപക്ഷവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനു ലഭിച്ച നാല്പതിനായിരം ഭൂരിപക്ഷവുമാണ് യുഡിഎഫിന്റെ വലിയ പ്രതീക്ഷ.
പാലാ, കടുത്തുരുത്തി, കോട്ടയം മണ്ഡലങ്ങളില്‍ യുഡിഎഫിന് ലഭിച്ച വിജയവും ഫ്രാന്‍സിസ് ജോര്‍ജിന്റെ കരുതലാണ്. അപ്രതീക്ഷിതമായി സംസ്ഥാനത്തു തന്നെ ഏറ്റവും കുറഞ്ഞ വിജയശതമാനത്തോതിലേക്ക് കോട്ടയത്തെ എല്ലാ മണ്ഡലങ്ങളിലും എങ്ങനെ മാറ്റം സംഭവിച്ചു എന്നതാണ് ശ്രദ്ധേയം.
ജെ.പി. നദ്ദ, രാഹുല്‍ ഗാന്ധി, പിണറായി വിജയന് തുടങ്ങിയവരുടെ വരവും എല്ലാ മുന്നണികളിലെ നേതാക്കളുടെ സാന്നിധ്യവും വന്‍തോതിലുള്ള പ്രചാരണവുമൊക്കെ നടന്നിട്ടും സാധാ വോട്ടര്‍മാരില്‍ ചലനമുണ്ടായില്ല. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനൂകൂലമാകും. മോദി സര്‍ക്കാരിനോടുള്ള ശക്തമയാ പ്രതിഷേധം എന്‍ഡിഎയ്ക്ക് ദോഷമാകുമ്പോള്‍ യുഡിഎഫിലെ അനൈക്യവും സിറ്റിംഗ് എംപി എന്ന നിലയിലുള്ള തോമസ് ചാഴികാടന്റെ സീകാര്യതയും നേട്ടമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.