തിരുവനന്തപുരം: ലോക കേരളസഭയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നു ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. 60 ലക്ഷം രൂപയാണ് റാവിസ് ഗ്രൂപ്പ് വേണ്ടെന്ന് വയ്ക്കുന്നത്. ബില്ല് കൊടുത്തുവെന്നേയുള്ളു, സർക്കാരിനോട് തങ്ങൾ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി.
ലോകകേരള സഭയ്ക്കായി ഭക്ഷണത്തിന് വലിയ തുക ചെലവാക്കിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാവിസ് ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുരൂപ പോലും സർക്കാരിനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
സർക്കാരിൽ നിന്ന് പണം ഈടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാൽ പണം ഈടാക്കാൻ താത്പര്യവുമില്ലെന്നും റാവിസ് ഗ്രൂപ്പ് വ്യക്തമാക്കി.