വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ അനന്തരഫലമായി ലോകം സാന്പത്തിക മാന്ദ്യത്തിലാകാനിടയുണ്ടെന്നു ലോകബാങ്ക് മേധാവി ഡേവിഡ് മാൽപാസ്.
ലോകവ്യാപകമായി ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, രാസവളം തുടങ്ങിയവയുടെ വില ഉയരുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
“മാന്ദ്യം ഒഴിവാക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്.
ഇന്ധനവിലയിലെ അമിത വർധനമാത്രംമതി മാന്ദ്യമുണ്ടാകാൻ. ലോകത്തിലെ ഏറ്റവും വലിയ നാലമത്തെ സന്പദ്വ്യവസ്ഥയായ ജർമനി ഇന്ധനവിലക്കയറ്റത്തെത്തുടർന്നു കടുത്ത മുരടിപ്പിലായിക്കഴിഞ്ഞു.
രാസവളത്തിന്റെ ദൗർലഭ്യം വികസ്വര രാജ്യങ്ങളെ കൂടുതലായി ബാധിക്കും. പലരാജ്യങ്ങളും കടുത്ത ഭക്ഷ്യ ക്ഷാമത്തിലാണ്.
റിയൽ എസ്റ്റേറ്റ് രംഗത്തുൾപ്പെടെ കടുത്ത തളർച്ച നേരിടുന്ന ചൈനയിൽ, കോവിഡ് നേരിടാൻ അടുത്തിടെ പ്രഖ്യാപിച്ച ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും സ്ഥിതി കൂടുതൽ ഗുരുതരമാക്കും.
റഷ്യമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്ന പല യൂറോപ്യൻരാജ്യങ്ങളും ഇപ്പോഴും ഇന്ധനത്തിനു റഷ്യയെത്തന്നെയാണ് ആശ്രയിക്കുന്നത്.
റഷ്യ ഗ്യാസ് വിതരണം നിർത്തിവച്ചാൽ യൂറോപ്പിലെ ഇന്ധനക്ഷാമം രൂക്ഷമാകും’’- യുഎസിൽ നടന്ന ചടങ്ങിൽ മാൽപാസ് പറഞ്ഞു.
നേരത്തേ, ലോകബാങ്ക് തങ്ങളുടെ ലോക സാന്പത്തിക വളർച്ചാ പ്രതീക്ഷ 4.1 ശതമാനത്തിൽനിന്ന് 3.2 ശതമാനമായി കുറച്ചിരുന്നു.