തിരുവനന്തപുരം: ഭൂലോക തട്ടിപ്പായി മാറിയ ലോകകേരളസഭ സിപിഎമ്മിന്റെ പിരിവു യന്ത്രമാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലോകകേരള സഭാംഗങ്ങളെ ഉപയോഗിച്ചാണ് സിപിഎം വിദേശ രാജ്യങ്ങളിൽനിന്നു വൻതോതിൽ പണം സമാഹരിച്ചത്.
സിപിഎം ആഭിമുഖ്യമുള്ള വിദേശത്തെ കടലാസു സംഘടകളുടെ പ്രതിനിധികളോ സിപിഎം ഫ്രാക്ഷൻ നോമിനികളോ ആണ് സഭാംഗങ്ങളിൽ അധികവും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതർക്ക് ദക്ഷിണ നൽകിയാണ് ചില പ്രാഞ്ചിയേട്ടൻമാർ സഭാംഗത്വം നേടിയിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.
ലോകകേരളസഭ ഒരു മച്ചി പ്പശുവാണ്. നടന്ന മൂന്നു സഭകളുടെയും തീരുമാനങ്ങളോ നിർദ്ദേശങ്ങളോ നടപ്പാക്കിയിട്ടില്ല. പ്രോഗ്രസ് റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേരള വികസനത്തിനോ, വിദേശ നിക്ഷേപ സമാഹരണത്തിനോ, പ്രവാസ പ്രശ്ന പരിഹാരത്തിനോ ലോക കേരള സഭ ഒരു സംഭാവനയും ചെയ്തിട്ടില്ല.
ഖജനാവിലെ കോടികൾ ധൂർത്തടിച്ചുള്ള പ്രസംഗ മത്സരവും മൃഷ്ടാന്ന ഭോജനവും കലാപ്രകടനവുമാണ് ലോക കേരള സഭയുടെ സ്ഥിരം കാര്യപരിപാടിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.