കൊച്ചി: ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍നിന്നും കുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
കെ.ടി. ജലീല്‍ ഒരു കാര്യം മനസിലാക്കാനുള്ളത് ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ് ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ സതീശന് കുറിച്ചു.
കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി. സുഭാഷണ് റെഡ്ഡിയാണ്.
ഡിവിഷന് ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട “രേഖ’യില്‍ അതു വ്യക്തവുമാണ്. ഹൈക്കോടതി വിധിയും എംജി വിസിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്.
അന്നു വിവാദമില്ല
2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15നു ഡോ. ജാന്‍സി ജെയിംസ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇപ്പോള്‍ കണ്ണൂര്‍ വിസിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാന്‍സി ജെയിംസിന്റെ നിയമനത്തില്‍ അന്നുണ്ടായിരുന്നില്ല.
കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലറായ ജാന്‍സി ജെയിംസിന്റെ കാലയളവില്‍ ജലീലിന്റെ ഭരണകാലത്തുണ്ടായതു പോലെ മാര്‍ക്കുദാന വിവാദവുമുണ്ടായിട്ടില്ല.
2008ല്‍ എംജി വിസി സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്ര സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായതും ജാന്‍സി ജെയിംസായിരുന്നു.
ജഡ്ജിയെ ആക്ഷേപിക്കുന്നത്…
ബന്ധു നിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധു നിയമനം ജലീല്‍ തന്നെ സമ്മതിച്ചതുമാണ്.
ആ ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ജലീല്‍ തന്നെ ചിന്തിച്ചാല്‍ മതി.
പരസ്യ ശകാരം…
പി.കെ. കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ഇഡിയുടെ പിന്നാലെ നടന്നതിന്റെ പേരില്‍ പിണറായി വിജയന്റെ കൈയില്‍നിന്നും പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീല്‍ മറന്നുകാണില്ല.
പിണറായിയെ ഇപ്പോള്‍ പിന്നില്‍നിന്ന് കുത്താന്‍ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയില്‍നിന്നും കിട്ടിയ ശകാരവും പരിഹാസവുമാകാമെന്നും സതീശന് ഫേസ്ബുക്കില്‍ കുറിച്ചു.