ലുക്ക് ഒൗട്ട് നോട്ടീസിൽ പ്രതികളുടെ കുട്ടിക്കാലത്തെ ചിത്രം പതിപ്പിച്ച പോലീസുദ്യോഗസ്ഥർ വെട്ടിലായി. ചൈനയിലെ യുന്നാൻ പ്രവശ്യയിലെ ഹെൻസിയോംഗിലുള്ള പോലീസുദ്യോഗസ്ഥരാണ് ലുക്ക് ഒൗട്ട് നോട്ടീസിൽ പ്രതികളുടെ കുട്ടിക്കാലത്തെ നിഷ്ക്കളങ്കമായ ചിത്രം പതിപ്പിച്ചത്.
പിടികിട്ടാപ്പുള്ളികളായ 100 പേരുടെ ചിത്രങ്ങളാണ് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസായി പുറത്തുവിട്ടത്. അതിൽ നാലു പേരുടെ ചിത്രം ചെറുപ്പകാലത്തേതായിരുന്നു. ലുക്ക് ഒൗട്ട് നോട്ടീസിൽ നാലു കുട്ടികളുടെ ചിത്രം പുറത്തു വന്നതോടെ ഇത് സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരുന്നു. കൂടാതെ പോലീസിനെ പരിഹസിച്ച് ധാരാളം ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഇവരുടെ പുതിയ ചിത്രങ്ങളൊന്നും ലഭിക്കാതിരുന്നതിനാലാണ് ചെറുപ്പകാലത്തെ ചിത്രം ഉപയോഗിച്ചതെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിശദീകരണം. കൂടാതെ ഈ കുറ്റവാളികളുടെ മൂക്ക്, കണ്ണുകൾ, ചെവികൾ, വായ എന്നിവയ്ക്കൊന്നും മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കി.
പിന്നീട് ചെയ്ത പ്രവർത്തിയിൽ ബുദ്ധിമോശമുണ്ടെന്ന് മനസിലാക്കിയ പോലീസുദ്യോഗസ്ഥർ സോഷ്യൽമീഡിയയിൽ പങ്കുവച്ച കത്തിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്.