കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടികള്‍ ഒക്ടോബര്‍ പത്തിനുമുന്പ് കേരള റോഡ് സുരക്ഷ അഥോറിറ്റിക്കും ബന്ധപ്പെട്ട ഓഫീസുകളിലും നല്‍കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്.
റോഡ് സുരക്ഷാനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന സുപ്രീം കോടതി സമിതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്.സുപ്രീം കോടതി രുപം നല്കിയ സമിതി സംസ്ഥാനങ്ങളിലെ റോഡ് അപകടകണക്കുകള്‍ വിലയിരുത്തിയിരുന്നു. അപകട മരണനിരക്കുകളില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവു വരത്തക്ക വിധത്തില്‍ നിയമങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം.
മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചു വാഹനങ്ങള്‍ ഓടിക്കുക, അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ ഓടിക്കുക, വാഹനം ഓടിക്കുന്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക , എന്നീ കുറ്റകൃത്യങ്ങള്‍ ഗൗരവമായെടുക്കണമെന്ന് റോഡ് സുരക്ഷാ അഥോറിറ്റി നിര്‍ദേശിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസരണമുള്ള രസീത് നല്‍കിയശേഷം കുറ്റക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് പിടിച്ചെടുക്കണം. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ റീജീണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്കോ ജോ.റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലേക്കോ നിര്‍ബന്ധമായും അയക്കണം.
ഇത്തരം കേസുകളില്‍ വാഹനം ഓടിച്ചയാള്‍ ചെയ്ത കുറ്റമെന്തെന്ന് കൃത്യമായി രേഖപ്പെടുത്തണം.
പുറത്തുനിന്നുളള ഒരു സ്വാധീനത്തിന് വഴങ്ങി ഒത്തുതീര്‍പ്പ് നടത്തരുതെന്നും കര്‍ശനമായി നിര്‍ദേശിക്കുന്നു.കേസ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവികള്‍ ട്രാഫിക് ചുമതല വഹിക്കുന്ന പോലീസ് ഇന്‍സ്പെക്ടര്‍ ജനറലിനും ,സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ മേലാധികാരിക്കും മാസത്തിലെ ആദ്യ ആഴ്ചയില്‍ തന്നെ ലഭിക്കത്തക്കവിധം കൈമാറണം. അതിന്റെ പകര്‍പ്പ് പോലീസ് ആസ്ഥാനത്ത് ലഭ്യമാക്കുകയും വേണം.
കാമറകളില്‍ അഞ്ചുതവണ ട്രാഫിക് നിയമലംഘനം പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നിര്‍ദേശം നല്‍കണം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുക, സ്കൂള്‍, കോളജ്, ബസ് സ്റ്റാന്‍ഡ്, എന്നിവിടങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കുക, സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിട്ടില്ലാത്തതും പ്രവര്‍ത്തിപ്പിക്കാത്തതുമായ വാഹനങ്ങള്െക്കതിരേ നടപടി സ്വീകരിക്കുക, ഹെല്‍മറ്റില്ലാത്ത യാത്രചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുക എന്നിങ്ങനെ റോഡ് സുരക്ഷാ അതോറിറ്റി നല്കുന്ന പ്രധാന നിര്‍ദേശങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കാൻ ഡിജിപി നിർദേശം നൽകി.