സ്വന്തംലേഖകന്‍
കോഴിക്കോട് : ലിവിംഗ് ടുഗെദറിന്റെ പേരില്‍ നഗരങ്ങളില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവം.
പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാമെന്ന് വിവിധ കോടതികളുടെ വിധിയെ തുടര്‍ന്നാണ് ഇതരദേശത്തുള്ള യുവതികളെ വന്‍തോതില്‍ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്നത്.
വാടകവീടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. പോലീസെത്തി പരിശോധന നടത്തിയാലും യുവതികള്‍ ലിവിംഗ് ടുഗെദര്‍ ആണെന്ന് പറഞ്ഞ് നിയമനടപടിയില്‍ നിന്ന് രക്ഷപ്പെടുകയാണ് പതിവ്.
കോഴിക്കോട് നഗരത്തില്‍ ഇന്നലെ മാത്രം നാലു യുവതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബംഗാളില്‍ നിന്നെത്തിച്ച യുവതികളെല്ലാം പെണ്വാണിഭസംഘത്തിലുള്പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
സമാനമായ രീതിയില്‍ പല നഗരങ്ങളിലും ലിവിംഗ് ടുഗെദര്‍ ബന്ധത്തിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
ലോക്ക്ഡൗണിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് നഗരം കേന്ദ്രീകരിച്ച് വന്‍തോതില്‍ പെണ്‍വാണിഭം നടക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ കോഴിക്കോടുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ സ്ഥിരതാമസക്കാരായ ഇതരദേശ യുവതികളെ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.
ലോഡ്ജുകളില്‍ പ്രത്യേക സൗകര്യം
ലോഡ്ജ് നടത്തിപ്പുകാര്‍ അറിഞ്ഞുകൊണ്ടാണ് പെണ്‍വാണിഭസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ദമ്പതികള്‍ എന്ന പേരിലാണ് മുറിയെടുക്കുന്നത്.
പോലീസ് പരിശോധനയില്‍ കാണിക്കാന്‍ ഇപ്രകാരം രേഖകള്‍ പേരിന് മാത്രമായി സൂക്ഷിക്കും. യുവതി ലോഡ്ജില്‍ താമസം തുടരുകയും ഭര്‍ത്താവെന്ന് പരിചയപ്പെടുത്തിയ ആള് അടുത്ത ദിവസം സ്ഥലം വിടുകയും ചെയ്യും.
പിന്നീടുള്ള ദിവസങ്ങ്ളില്‍ പലരും യുവതിയുടെ സന്ദര്‍ശകരായെത്തും. എല്ലാം ‘ഭര്‍ത്താക്കാന്‍’മാരായി തന്നെയാണ് എത്തുന്നത്.
ഏതെങ്കിലും വിധത്തില്‍ പരിശോധന നടന്നാല്‍ ലിവിംഗ് ടുഗെദര്‍ ആണെന്ന് പറയാനാണ് നിര്‍ദേശിച്ചത്.
സന്ദര്‍ശകരെന്ന പേരില്‍ ലോഡ്ജില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കാത്തതും പോലീസിന് തിരിച്ചടിയാണ്.
ലോഡ്ജുകളില്‍ സാധാരണ മുറിയല്ല പെണ്വാണിഭസംഘത്തിനായി അനുവദിക്കുന്നത്. ദിവസേന കസ്റ്റമര്‍ എത്തുന്നതിനാല്‍ മറ്റുതാമസക്കാര്‍ തിരിച്ചറിയാതിരിക്കാന്‍ തിരക്കില്ലാത്ത നിലകളിലുള്ള റൂമുകളാണ് അനുവദിക്കുന്നത്.
പുറത്ത് നിന്ന് മുറിയിലേക്ക് കടക്കുന്നവരെ എളുപ്പത്തില്‍ കാണാത്ത വിധത്തിലുള്ള മുറികള്‍ പെണ്‍വാണിഭസംഘം തെരഞ്ഞെടുക്കുകയും ചെയ്യും. ഇതിന് ചില ലോഡ്ജുകാരും അകമഴിഞ്ഞ് സഹായം ചെയ്തു നല്‍കാറുണ്ട്.
പീഡനം സഹിക്കാതെ കരഞ്ഞോടി !
ഇന്നലെ രാവിലെ കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതി കരഞ്ഞ്കൊണ്ട് പുറത്തേക്ക് ഓടിയതോടെയാണ് ലിവിംഗ്ടുഗെദര് പെണ്‍വാണിഭസംഘത്തെ കുറിച്ച് പുറത്തറിയുന്നത്.
ബംഗാളിലെ കുടുംബത്തില്‍ നിന്നെത്തിയ യുവതിയെ കോഴിക്കോട് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുമെന്ന വിവരം ലഭിച്ചതോടെയാണ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഇത് നാട്ടുകാര്‍ കാണാനിടയാവുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു. ടൗണ്‍ പോലീസെത്തി യുവതിയില്‍ നിന്ന് വിവരം ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്.
ബലമായി നാട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുവരികയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് മൊഴി. മലയാളം സംസാരിക്കുന്ന നാലുപേരാണ് പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്.
സംഭവത്തില്‍ പോലീസ് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ കേസെടുത്തു. അതേസമയം നാട്ടില്‍ മകളുണ്ടെന്നും കുട്ടിയെ കാണാന്‍ കഴിയില്ലെന്നതിനാലാണ് ഓടി രക്ഷപ്പെട്ടതെന്നുമാണ് യുവതിയുടെ മൊഴി.
യുവതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പോലീസിന് സാധിച്ചിട്ടില്ല.
ഇന്നും നാളേയുമായി കൗണ്‍സിലിംഗിലൂടെ യുവതിയെ കേരളത്തിലെത്തിച്ച ഏജന്റുമാരെ കണ്ടെത്താനാവുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഹോട്ടലിലെ ലഡ്ജര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് ഇവ പരിശോധിച്ച് മുറി ആരുടെ പേരിലാണ് എടുത്തതെന്നും മറ്റും കണ്ടെത്തും. ഇതേ ലോഡ്ജില്‍ മറ്റു മുറികളിലും യുവതികളുണ്ടായിരുന്നു.
മറ്റു യുവതികളില്‍ നിന്ന് പോലീസ് മൊഴിയെടുത്തെങ്കിലും ലിവിംഗ് ടുഗെദര്‍ ആണെന്നാണ് മൊഴി.
ഇതോടെ പോലീസിന് നടപടി സ്വീകരിക്കാനും കഴിയാതായി. എന്നാല്‍ ലോഡ്ജിലെ സ്ഥിരം സന്ദര്‍ശകരുടെ പട്ടിക പോലീസ് തയാറാക്കുന്നുണ്ട്.