പൊതുതെരഞ്ഞെടുപ്പ് ഈ വര്‍ഷം ഡിസംബറില്‍? ഒഡീഷയിലെ പുരിയില്‍ മത്സരിക്കാന്‍ മോദി തയാറെടുക്കുന്നു, പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും? ഇന്ത്യ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നതായി സൂചന. കലാവധി പൂര്‍ത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചേക്കുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളാണ് മോദിയെ ഇത്തരത്തിലൊരു നീക്കം നടത്താന്‍ പ്രേരിപ്പിക്കുന്നത്.

അതേസമയം മോദി അടുത്ത തെരഞ്ഞെടുപ്പില്‍ ഒഡീഷയിലെ പുരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ച പ്രധാനമന്ത്രി പുരിയില്‍ എത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ഈ മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നാണ് സൂചന.

ക്ഷേത്രനഗരിമായ പുരിയില്‍ യുദ്ധകാലാടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഒഡീഷ ഉള്‍പ്പെടെയുളള നാലു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാനുളള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ബിജെപി. ഒഡീഷയ്ക്ക് പുറമേ പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനുളള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മികവ് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബിജെപിക്ക് തന്നെ ഉറപ്പുണ്ട്. അതുകൊണ്ടാണ് ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ബിജെപി ലക്ഷ്യമിടുന്നത്.

ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നായി 105 ലോക്സഭ സീറ്റുകളാണുളളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. പശ്ചിമബംഗാളിലും ആന്ധ്രാപ്രദേശിലും രണ്ടു വീതവും, ഒഡീഷ, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നും ഒന്നുവീതവും സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

നിലവില്‍ ഒഡീഷയിലും ബംഗാളിലും ഭരണകക്ഷിയുടെ മുഖ്യ എതിരാളിയായി ബിജെപി വളര്‍ന്നു കഴിഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവുമധികം ഭയപ്പെടുന്നത് ബിജെപിയെയാണ്. അതുപോലെ ഒഡീഷയില്‍ നവീന്‍ പട്നായിക്കിന്റെ ബിജെഡിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ബിജെപി.

Related posts